Site icon Janayugom Online

കേരള പിറവി ദിനത്തിൽ സമ്പൂർണ്ണ ശുചിത്വം; ആലപ്പുഴ നഗരസഭയിൽ ബയോബിന്നുകളുടെ വിതരണം തുടങ്ങി

കേരള പിറവി ദിനത്തിൽ സമ്പൂർണ്ണ ശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ നഗരസഭ ബയോബിന്നുകളുടെ വിതരണം തുടങ്ങി. എയറോബിക് ബിന്നുകളെ ആശ്രയിക്കാത്ത വീടുകളിൽ ജൈവ മാലിന്യം സംസ്കരിക്കുന്നതിനായാണ് ബയോ ബിന്നുകൾ വിതരണം ചെയ്യുന്നത്. കൂടാതെ ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക്ക് മാലിന്യം കൈമാറുമെന്ന് സമ്മത പത്രം ഏറ്റുവാങ്ങുവാനും തുടങ്ങി. മുഴുവൻ വീടുകളിലും ജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഉറവിട മാലിന്യ സംസ്ക്കരണ രീതി ഉപയോഗിക്കും.

വാർഡുകൾ വിവിധ ക്ലസ്റ്ററുകളായും തിരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആലിശേരി, കറുകയിൽ, എം ഒ വാർഡുകളിൽ നടപ്പാക്കുന്ന പദ്ധതി നഗരത്തിലെ മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിക്കും. 1800 രൂപ വിലവരുന്ന ബയോബിന്നുകൾ സബ്സിഡി കഴിച്ച് 180 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി സർവ്വെ നടപടികളും പൂർത്തിയാക്കിയിരുന്നു. ആലിശേരി വാർഡിൽ ബയോബിന്നുകളുടെ വിതരണവും ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക്ക് മാലിന്യം കൈമാറുമെന്ന സമ്മതപത്രം വാർഡ് നിവാസികളിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

എ എം ആരിഫ് എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ്, വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, എ ആർ രങ്കൻ, എസ് എം ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. ബയോബിന്നുകളുടെ വിതരണം നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ അധ്യക്ഷനായി. കൗൺസിലർമാരായ പ്രഭാ ശശികുമാർ, രാഖി രജികുമാർ, എ ആർ രങ്കൻ, എസ് എം ഹുസൈൻ, നബീസ അക്ബർ എന്നിവർ പങ്കെടുത്തു. എ ഡി എസ് ചെയർപേഴ്സൺ ഹേമലത ദത്തൻ സ്വാഗതം പറഞ്ഞു.

Exit mobile version