Site iconSite icon Janayugom Online

പൊതുവിതരണ രംഗം പൂര്‍ണമായി ശുദ്ധീകരിക്കുമെന്ന് മന്ത്രി അഡ്വ. ജി ആര്‍ അനില്‍

GRanilGRanil

പൊതുവിതരണ രംഗം പൂര്‍ണമായി ശുദ്ധീകരിക്കുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപാേക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കാസര്‍കോട് ജില്ലാതലത്തില്‍ താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കല്‍ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.  എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരെ ഉള്‍പ്പെടുത്തുകയാണ്. അനര്‍ഹരായ 162000ല്‍ അധികം റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കാര്‍ഡുകള്‍ അര്‍ഹര്‍ക്ക് നല്‍കാനുള്ള നടപടി പൂര്‍ത്തിയായി വരികയാണ്.  ഇത് സാധാരണക്കാര്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. അടുത്ത ഘട്ടമെന്ന നിലയില്‍ റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി സംസ്ഥാന14180 റേഷന്‍ കടകളിലും ബോക്‌സ് സ്ഥാപിച്ച് അപേക്ഷ സ്വീകരിച്ചു. ഒരു പൈസയും വാങ്ങാതെ ഈ തെറ്റുകള്‍ തിരുത്തി നല്‍കും. ലൈസന്‍സ് റദ്ദ് ചെയ്തതും താത്ക്കാലികമായി സസ്‌പെന്റ് ചെയ്തതുമായ കടകള്‍ സംബന്ധിച്ച് ഓരോ ജില്ലകളിലും അദാലത്തുകര്‍ നടന്നു വരികയാണ്. ജനുവരി 14 നകം മുഴുവന്‍ ജില്ലകളും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ലൈസന്‍സ് റദ്ദ് ചെയ്തതുമൂലം ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കുക എന്നതാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ- താലൂക്ക് സപ്ലെ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് ആരംഭിക്കും. ജനങ്ങളുടെ പരാതികള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താം സപ്ലെ ഓഫീസുകള്‍ പൂര്‍ണമായും ഇ ഓഫീസുകളാക്കും. ഭക്ഷ്യധാന്യ വിതരണത്തില്‍ ഗുണനിലവാരത്തിലും അളവിലും തൂക്കത്തിലും കൃത്യത ഉറപ്പു വരുത്തും. ഗോഡൗണുകളിലുള്ള പ്രശ്‌നങ്ങ പരിഹരിക്കും. സംസ്ഥാനസര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റേഷന്‍ കടകളുടെ മുഖഛായ മാറണം. വൃത്തിയുള്ള മുറികളില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നുവെന്ന് ഉറപ്പു വരുത്തണം, മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Com­plete­ly clean up the pub­lic dis­tri­b­u­tion sys­tem; Min­is­ter Adv. GR Anil

You may like this video also

Exit mobile version