Site icon Janayugom Online

തദ്ദേശ മേഖലയില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പൂര്‍ത്തിയാക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്നതും തീർപ്പ് കൽപ്പിക്കാത്തതുമായ എല്ലാ ഫയലുകളും അദാലത്തിലൂടെ നിശ്ചിതസമയത്തിന് തന്നെ പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം. നവകേരള തദ്ദേശകം 2022ന്റെ ഭാഗമായാണ് ഫയൽ അദാലത്തുകൾ നടക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിൽ ഫയൽ അദാലത്ത് നടപടികൾ പുരോഗമിക്കുന്നുണ്ട്. 2022 ജനുവരി 31 വരെ സ്വീകരിച്ചതും ആരംഭിച്ചതും തീർപ്പാക്കാത്തതുമായ എല്ലാ ഫയലുകളും വർഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫീസ് അടിസ്ഥാനത്തിൽ പട്ടിക തയാറാക്കിയാണ് തീർപ്പ് കൽപ്പിക്കുന്നത്.

എല്ലാ ഫയലുകളും അതാത് ഓഫീസിൽ തീർപ്പാക്കാനും ഉയർന്ന തട്ടിലെ ഓഫീസുകളിലേക്ക് നൽകാനുള്ളവ നൽകിയ ശേഷം റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ജില്ലാതല ഓഫീസുകൾ ഏപ്രിൽ 20നകവും ഡയറക്ടറേറ്റുകൾ 25നകവും ഫയലുകൾ തീർപ്പാക്കി അടുത്ത തലത്തിലേക്ക് നൽകാൻ മന്ത്രി എം വി ഗോവിന്ദൻ നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ 21നകം തീർപ്പാക്കണം. അപേക്ഷകനുമായോ മറ്റുള്ള ആരെങ്കിലുമായോ നേരിട്ട് സംസാരിക്കേണ്ടതുണ്ടെങ്കിൽ അവരെ മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്തണം.

ഏപ്രിൽ 21 വരെ ഫിസിക്കൽ അദാലത്ത് നടത്തി ഫയലുകളിൽ തീർപ്പുണ്ടാക്കും. ഇത്തരത്തിലെ ഫയലുകളിലെ അന്തിമ തീരുമാനത്തിന് മേൽത്തട്ടിന്റെ സ്പഷ്ടീകരണം ആവശ്യമെങ്കിൽ അവിടെ നടത്തുന്ന ഫയൽ അദാലത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും അദാലത്തിൽ പങ്കെടുക്കുന്നയാൾക്ക് ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ജില്ലാതലത്തിൽ ഏപ്രിൽ 23നകവും ഡയറക്ടറേറ്റ് തലത്തിൽ ഏപ്രിൽ 28നകവും സർക്കാർ തലത്തിൽ ഏപ്രിൽ 30നകവും ഫയലുകൾ തീർപ്പാക്കണം. ഫയൽ അദാലത്ത് സംവിധാനം ഓരോ തലത്തിലും കൃത്യമായി ഡോക്യുമെന്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;Completes local area files

You may also like this video;

Exit mobile version