Site iconSite icon Janayugom Online

മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം മെഡി. കോളജിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പുതിയ സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ്. സർജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനം. അപകടത്തിൽ പെടുന്നവർക്കും മറ്റ് രോഗികൾക്കും സേവനം ലഭ്യമാകും.

അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും സീനിയർ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. ഇതുകൂടാതെയാണ് പുതിയ സംവിധാനം. മെഡിക്കൽ കോളജിൽ ചെസ്റ്റ് പെയിൻ ക്ലിനിക് തുടങ്ങും. നെഞ്ച് വേദന മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉളളവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകും. കാലതാമസമില്ലാതെ ആവശ്യമായവർക്ക് ഐസിയു, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നൽകും.

അപകടങ്ങളിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ഒട്ടും വൈകാതിരിക്കാൻ ചുവപ്പ് ടാഗ് നൽകും. ചുവപ്പ് ടാഗ് ഉള്ളവർക്ക് എക്സ്റേ, സ്കാൻ തുടങ്ങിയ പരിശോധനകൾക്കുൾപ്പെടെ ക്യൂ ഇല്ലാതെ ആദ്യ പരിഗണന നൽകും. സർജറി വിഭാഗത്തിന് കീഴിൽ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ശസ്ത്രക്രിയ വേണ്ടവർക്ക് അടിയന്തരമായി ശസ്ത്രക്രിയയും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

eng­lish sum­ma­ry; com­pre­hen­sive change in emer­gency depart­ment of mc veena george

you may also like this video;

Exit mobile version