Site iconSite icon Janayugom Online

ഉന്നതവിദ്യാഭ്യാസ പരീക്ഷാരംഗത്ത് സമഗ്ര മാറ്റം; പരീക്ഷാ പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി

പരീക്ഷാ പരിഷ്‌കരണ കമ്മിഷന്‍ ഉന്നതവിദ്യാഭ്യാസ പരീക്ഷാരംഗത്ത് സമഗ്ര മാറ്റം നിര്‍ദേശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളും പഠനലക്ഷ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്നത് ഉള്‍പ്പെടെ അമ്പതോളം നിര്‍ദേശങ്ങളാണ് പ്രൊഫ. സി ടി അരവിന്ദകുമാര്‍ അധ്യക്ഷനായ കമ്മിഷന്‍ സമര്‍പ്പിച്ചത്.

കമ്മിഷന്‍ അംഗങ്ങളും ഓരോ സര്‍വകലാശാലയിലെയും വിവരവിനിമയ‑സാങ്കേതിക വിദഗ്ധരും ചേര്‍ന്നുള്ള നിര്‍വഹണ സമിതിയുണ്ടാക്കി നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട് സ്വീകരിച്ച് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ക്ലാസ് ഹാജരിന് വെയിറ്റേജ് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും യുജി, പിജി പ്രവേശനത്തിനുള്ള നടപടികള്‍ ജൂണ്‍, ജൂലായ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയിലുണ്ട്.

പ്രകൃതിക്ഷോഭം കാരണമല്ലാതെ പരീക്ഷകള്‍ മാറ്റരുത്. 90 ദിവസത്തിനുള്ളില്‍ പിഎച്ച്ഡി തീസിസ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം. അധ്യാപക പരിശീലനത്തിന് എല്ലാ സര്‍വകലാശാലകളും ഒരു പാഠ്യപദ്ധതി വികസനകേന്ദ്രം സ്ഥാപിക്കണം. സര്‍വകലാശാലകള്‍ ഏകീകൃത ഗ്രേഡിങ് പാറ്റേണ്‍ പിന്തുടരണം.

ബിരുദാനന്തര ബിരുദ പ്രവേശനം പ്രവേശനപ്പരീക്ഷയിലൂടെ നടത്തണം. പ്രവേശന യോഗ്യത ഉദാരമാക്കണം. സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിക്കും ഒരു യുണീക് സ്റ്റുഡന്റ് ഐഡി നല്‍കണം. യുജി, പിജി പ്രോഗ്രാമുകളുടെ ആന്തരിക മൂല്യനിര്‍ണയത്തിനുള്ള വെയ്റ്റേജ് കുറഞ്ഞത് 40 ശതമാനമായി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തു.

മറ്റു പ്രധാന ശുപാര്‍ശകള്‍

* ഇന്റേണല്‍ പരീക്ഷ അതത് കോളജുകളില്‍ നടത്തണം.

* ഇന്റേണല്‍ അസസ്മെന്റിന്റെ ഫലം അവസാന സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും പ്രസിദ്ധീകരിക്കണം.

* ടേം-എന്‍ഡ് എക്സ്റ്റേണല്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം അതത് കോളജുകളില്‍ നടത്തണം.

* എന്‍ഡ്-സെമസ്റ്റര്‍ എഴുത്തുപരീക്ഷകളിലും വിദ്യാര്‍ഥികള്‍ക്ക് പരമാവധി 15 മിനിറ്റ് കൂള്‍ ഓഫ് സമയം നല്‍കണം.

* എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗണ്‍സലിങ് സെന്റര്‍ ഉണ്ടാകണം.

* മോഡറേഷന്‍ നല്‍കുന്നതും ഗ്രേസ് മാര്‍ക്കിന്റെ ഇരട്ട ആനുകൂല്യവും ഒഴിവാക്കണം.

* പരീക്ഷാഫലങ്ങള്‍ പരീക്ഷയുടെ അവസാന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണം.

* ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അച്ചടിച്ച പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. 30 ദിവസത്തിനുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം.

* റെഗുലര്‍ പഠനമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ കോളജിന്റെ പേരും ചേര്‍ക്കണം.

* പുനര്‍മൂല്യനിര്‍ണയത്തിനായി ഓണ്‍ സ്‌ക്രീന്‍ മൂല്യനിര്‍ണയം നടപ്പാക്കണം.

Eng­lish sum­ma­ry; Com­pre­hen­sive change in high­er edu­ca­tion exam­i­na­tion; Exam­i­na­tion Reform Com­mis­sion Report

You may also like this video;

Exit mobile version