Site iconSite icon Janayugom Online

ജില്ലയിലേത് സര്‍വസ്പര്‍ശിയായ വികസനം; മന്ത്രി സജി ചെറിയാന്‍

എല്ലാ മേഖലയും സ്പര്‍ശിക്കുന്ന വികസനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ജില്ലയില്‍ നടത്തുന്നതെന്ന് മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച സ്റ്റേഡിയം ഉള്‍പ്പെടെ പത്തനംതിട്ടയിലെ വികസനം ചൂണ്ടികാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന. ഫിഷറീസ് വകുപ്പ് കുമ്പഴയില്‍ നിര്‍മിക്കുന്ന മല്‍സ്യമാര്‍ക്കറ്റിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ മാര്‍ക്കറ്റിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.

കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. എട്ടുമാസത്തിനകം മാര്‍ക്കറ്റ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 369.05 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഇരുനില കെട്ടിടത്തില്‍ 14 മത്സ്യ വില്‍പ്പന സ്റ്റാള്‍, എട്ട് കടമുറി, ഓഫീസ് മുറി, ഫ്രീസര്‍ സൗകര്യം, ശുചിമുറികള്‍ എന്നിവയുണ്ടാകും. രാജ്യത്തെ മികച്ച മാര്‍ക്കറ്റുകളാണ് സംസ്ഥാനത്ത് തയ്യാറാകുന്നത്. ആലുവയിലും കോഴിക്കോടും 110 കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് നവീകരണമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍, അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version