Site iconSite icon Janayugom Online

സംവരണ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത സേവനം; ലഡാക്കില്‍ വിവേചനപരമായ ഉത്തരവുമായി ഭരണകൂടം

കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിന് പിന്നാലെ ലഡാക്കിലെ ആരോഗ്യമേഖലയില്‍ വിവേചനപരമായ നടപടിയുമായി ഭരണകൂടം. സംവരണ ക്വോട്ടയില്‍ എംബിബിഎസ്, ബിഡിഎസ് പഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കി.

എംബിബിഎസിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ലഡാക്കില്‍ തന്നെ നിര്‍ബന്ധമായും സേവനം അനുഷ്ഠിക്കണം. ഇതില്‍ പരാജയപ്പെടുന്ന എംബിബിഎസ് 50 ലക്ഷം രൂപ സര്‍ക്കാരിന് തിരിച്ചടയ്ക്കേണ്ടി വരുമെന്ന് ബോണ്ടില്‍ വ്യവസ്ഥ ചെയ്യുന്നു. ബിഡിഎസ് പഠനം പൂര്‍ത്തിയാക്കി ല‍ഡാക്കില്‍ ജോലി ചെയ്യാന്‍ കഴിയാത്തവര്‍ 30 ലക്ഷം രൂപയും തിരിച്ചടയ്ക്കണം.

ഏതെങ്കിലും വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബോണ്ട് തുകയുടെ പകുതിയാണ് അടയ്ക്കേണ്ടിവരുക. ഏതെങ്കിലും തരത്തിലുള്ള ഫീസ് കുടിശികയുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയുടെ ഭൂവരുമാനത്തില്‍ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ബോണ്ടിനെതിരെ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കേന്ദ്രഭരണപ്രദേശമാക്കിയതിന് പിന്നാലെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്ന പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. സംസ്ഥാനതലത്തിലുള്ള യാതൊരു ഭരണ സംവിധാനങ്ങളും നിലവിലില്ലാത്തതിനാല്‍ കേന്ദ്രത്തിന്റെ ഏകപക്ഷീയ നിലപാടിലാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവ്‌ലപ്മെന്റെ് കൗണ്‍സില്‍ കൗണ്‍സിലര്‍ സമാന്‍ല ഡോര്‍ജെ നൂര്‍ബോ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള്‍ കണക്കിലെടുക്കാത്ത നിലപാടാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

eng­lish sum­ma­ry; Com­pul­so­ry ser­vice for reserved med­ical students

you may also like this video;

Exit mobile version