Site iconSite icon Janayugom Online

എസ്‌ഐആർ ഹിയറിങ്ങിനെക്കുറിച്ച് ആശങ്ക; ബം​ഗാളിൽ 82കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

എസ്‌ഐആർ ഹിയറിങ്ങിനെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് 82കാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. പശ്ചിമ ബം​ഗാളിലെ പുരുലിയ സ്വദേശി ദുർജൻ മാജി ആണ് മരിച്ചത്. വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഹിയറിങ്ങിന് ഹാജരാകേണ്ടതിന് ദിവസങ്ങൾക്ക് മുമ്പാണ് മരണം.

ഡിസംബർ 16 നാണ് പശ്ചിമ ബം​ഗാളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ ദുർജൻ മാജിയുടെ പേര് പട്ടികയിലുണ്ടായിരുന്നില്ല. തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (ബിഡിഒ) ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചുവെന്ന് ദുർജൻ മാജിയുടെ മകൻ കനായി പറഞ്ഞു.

2002 ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നിട്ടും പിതാവിന്റെ പേര് കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്തു. എസ്ഐആർ ഫോം സമർപ്പിച്ചിരുന്നെന്നും എന്നിട്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പേര് ഉൾപ്പെട്ടില്ല. ഡിസംബർ 25 നാണ് ഹിയറിങ്ങിന് നോട്ടീസ് ലഭിക്കുന്നത്. അപ്പോൾ മുതൽ അച്ഛൻ ആശങ്കാകുലനായിരുന്നെന്നും കനായി കൂട്ടിച്ചേർത്തു.

എസ്‌ഐആർ മൂലം മരണങ്ങൾ ആവർത്തിക്കുന്നുവെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു. സംസ്ഥാനത്തെ ദരിദ്രരായ ജനങ്ങൾക്ക് നേരിടേണ്ടി വന്ന “പീഡനം” ആണ് എസ്ഐആർ. വിരുദ്ധമായ നടപടിയിൽ ഇതുവരെ 60 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ നടക്കുന്ന “വലിയ തട്ടിപ്പ്” ആണിതെന്നും മമത കൂട്ടിച്ചേർത്തു. കരട് പട്ടികയിൽ നിന്ന് 58 ലക്ഷത്തിലധികം വോട്ടർമാരെയാണ് ഒഴിവാക്കിയത്.

Exit mobile version