Site iconSite icon Janayugom Online

അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച പ്രവർത്തനങ്ങൾ വേണം : മന്ത്രി പി രാജീവ്

തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടേയും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും, ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെസിബിസിയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ അസംഘടിത തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച കെഎൽഎം. മുൻ സംസ്ഥാന പ്രസിഡണ്ട് ജോസഫ് ജൂഡ് പ്രമേയത്തിലൂടെ ശ്രദ്ധയിൽപ്പെടുത്തിയതിനോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎൽഎം സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. 

വൈസ് ചെയർമാൻമാരായ ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ ഫാമിലി കെയർ പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ്പ് ജോസ് പൊരുന്നേടം വിവിധ അവാർഡുകളുടെ വിതരണവും നടത്തി. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെഎൽഎം സ്വരൂപിച്ച തുക ബിഷപ് ജോസ് പൊരുന്നേടത്തിന് സംസ്ഥാന ഭാരവാഹികൾ കൈമാറി. വർക്കേഴ് ഇന്ത്യ ദേശീയ പ്രസിഡണ്ട് ആൻ്റണി സെൽവനാഥൻ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. എംപി. ഹൈബി ഈഡൻ, എംഎൽഎ. ടി. ജെ വിനോദ്, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേർസൺ എലിസബത്ത് അസീസ്സി, മുൻ എംപി.തമ്പാൻ തോമസ്, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോയി ഗോതുരുത്ത്, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം സിബിസിഐ ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് അലക്സ് വടക്കുംതല ഉദ്ഘാടനംചെയ്തു. വരാപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷനായിരുന്നു. 

Exit mobile version