തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന കേന്ദ്ര സർക്കാറിന്റെ ലേബർ കോഡിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കേണ്ട സാഹചര്യത്തിലൂടെയാണ് തൊഴിലാളികൾ കടന്നുപോകുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശമായിരുന്ന 29 നിയമങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാറിന്റെ ഇത്തരം നീക്കങ്ങളെല്ലാം കോർപറേറ്റുകളെ പ്രീണിപ്പിക്കാൻ മാത്രമാണ്. എട്ട് മണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന തൊഴിലാളികളുടെ അവകാശം ഇല്ലാതാവുന്ന സാഹചര്യമുണ്ട്. കർണാടകയിലും ആന്ധ്രപ്രദേശിലും ജോലി സമയം 12 മണിക്കൂറായി വർധിപ്പിച്ചു. ഇതിനെതിരെ രാജ്യവ്യാപകമായി പണിമുടക്ക് നടക്കാൻ പോവുകയാണ്. അമേരിക്കയുടെ കോർപറേറ്റ് താൽപര്യത്തിന് കുട പിടിക്കുകയാണ് മോഡി ചെയ്യുന്നത്. അവിടെയുള്ള ഇന്ത്യക്കാരെ കൈക്കും കാലിനും വിലങ്ങുവെച്ച് കൊണ്ടുവന്നത് മോഡിക്ക് പ്രശ്നമല്ല. സംസ്ഥാനത്തിന് അർഹമായ ബജറ്റ് വിഹിതം നീക്കിവെക്കാൻ കേന്ദ്രം തയാറായിട്ടില്ല. പ്രകൃതിദുരന്തം അരങ്ങേറിയ വയനാടിനെപ്പോലും കണ്ടില്ലെന്ന് നടിച്ചു. ഇതിനെയൊക്കെ അതിജീവിച്ചാണ് കേരളം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി.
കേന്ദ്രത്തിന്റെ ലേബർകോഡിനെതിരെ യോജിച്ച പ്രക്ഷോഭം വേണം: ടി പി രാമകൃഷ്ണൻ

