Site iconSite icon Janayugom Online

കോപ് 29 കാലാവസ്ഥാ ഉച്ചകോടിക്ക് സമാപനം; ധനസഹായത്തില്‍ വിമുഖത തുടര്‍ന്ന് വികസിത രാജ്യങ്ങള്‍

പൊതു കാലാവസ്ഥാ ധനകാര്യ ലക്ഷ്യത്തെക്കുറിച്ചുള്ള അപര്യാപ്തമായ കരാറോടെ അസര്‍ബെെജാനിലെ ബക്കുവില്‍ നടന്ന കോപ് 29 ഉച്ചകോടിക്ക് സമാപനം. കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം നേരിടുന്ന രാജ്യങ്ങളെ കൂടുതൽ നിരാശരാക്കിയാണ് ചര്‍ച്ചകള്‍ അവസാനിച്ചത്. സുപ്രധാന കാലാവസ്ഥാ ധനകാര്യ ലക്ഷ്യം അംഗീകരിക്കാനും കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടിയിലും ജൈവവൈവിധ്യ കോപ് 16ലും വാഗ്ദാനം ചെയ്ത കാര്യങ്ങൾ പിന്തുടരാനുമുള്ള അവസരമായിരുന്നു കോപ് 29. 

ദരിദ്രരാജ്യങ്ങള്‍ക്കുള്ള കാലാവസ്ഥ ധനസഹായമായി 30,000 കോടി ഡോളറിന്റെ കരാറിനാണ് കാര്‍ബണ്‍ പുറന്തള്ളിലിന്റെ പ്രധാന കാരണക്കാരായ വികസിത രാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. നിശ്ചിത സമയത്തിനു ശേഷവും നീണ്ടുനിന്ന ചര്‍ച്ചകളില്‍ വികസ്വര രാജ്യങ്ങളുടെയും കാലാവസ്ഥാ പ്രവര്‍ത്തകരുടെയും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വികസിത രാജ്യങ്ങള്‍ക്കായില്ല. വികസ്വര രാജ്യങ്ങൾക്ക് 2035ഓടെ കാര്‍ബണ്‍ രഹിത സമ്പ‍ദ്‍വ്യവസ്ഥയിലേക്ക് മാറാനും കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനും പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളറിന്റെ ധനസഹായമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുകയില്‍ നിന്ന് ഗ്രാന്റുകളുടെയും പലിശ കുറഞ്ഞ വായ്പകളുടെയും രൂപത്തില്‍ 300 ബില്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് വികസിത രാജ്യങ്ങളുടെ വാഗ്‍ദാനം. ബാക്കിയുള്ളവ സ്വകാര്യ നിക്ഷേപകരിൽ നിന്നും, കാര്‍ബണ്‍ നികുതി പോലുള്ള മാര്‍ഗങ്ങളിലൂടെയും സമാഹരിക്കാനാണ് പദ്ധതി. ബജറ്റ് പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് തുക വര്‍ധിപ്പിക്കാന്‍ വികസിത രാജ്യങ്ങള്‍ വിമുഖത കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കാണുന്നുവെന്ന് അവകാശപ്പെടുന്ന സമ്പന്ന രാജ്യങ്ങൾ പ്രകൃതിയോടും ദുര്‍ബല ജനവിഭാഗങ്ങളോടും കാട്ടുന്ന വഞ്ചനയാണ് നിലവിലെ കരാറെന്ന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യ, ബൊളീവിയ, ക്യൂബ, നൈജീരിയ എന്നിവയുൾപ്പെടെ നിരവധി വികസ്വര രാജ്യങ്ങളും കരാറിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ആഗോള വെല്ലുവിളിയെന്ന നിലയില്‍ ലോകം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിൽ വികസിത രാജ്യങ്ങളുടെ സഹകരണത്തിന്റ അഭാവമാണ് ഉച്ചകോടിയിലുടനീളം കണ്ടത്. നിലവിലെ കരാറില്‍ നിരാശരാണെന്ന് ഇന്ത്യന്‍ പ്രതിനിധി ചാന്ദ്നി റെയ്ന പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ലൈക്ക് മൈൻഡഡ് ഡെവലപ്പിങ് കൺട്രീസും ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു.
അതേസമയം, കരാര്‍ വഴിത്തിരിവാണെന്ന വാദമാണ് വികസിത രാജ്യങ്ങളുയര്‍ത്തുന്നത്. കാലാവസ്ഥാ ധനകാര്യത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി കോപ് 29 ഓര്‍മ്മിക്കപ്പെടുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി വോപ്‌കെ ഹോക്‌സ്ട്ര പറഞ്ഞു. പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളറെന്ന ആവശ്യം യുക്തിരഹിതമാണെന്നും ഹോക‍്സ്‍ട്ര പറഞ്ഞു. അതിനിടെ, കോപ് 29 ഔദ്യോഗിക ചര്‍ച്ചാ രേഖകളില്‍ സൗദി അറേബ്യന്‍ പ്രതിനിധി മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചു. 

Exit mobile version