Site icon Janayugom Online

യേശുദാസന് നാടിന്റെ അന്ത്യാഞ്ജലി

കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഭൗതികശരീരത്തില്‍ ജനയുഗത്തിനു വേണ്ടി പത്രാധിപർ രാജാജി മാത്യു തോമസ് പുഷ്പചക്രം അർപ്പിക്കുന്നു

വരകളാൽ ചരിത്രമെഴുതിയ കാർട്ടൂണിസ്റ്റ് യേശുദാസന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ എട്ട് മുതൽ 8.30 വരെ കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ യേശുദാസന്റെ വസതിയിലും 8.30 മുതൽ 10. 30 വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ കാർട്ടൂൺ രംഗത്തെ കുലപതിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. 

ജനയുഗത്തിനു വേണ്ടി എഡിറ്റർ രാജാജി മാത്യു തോമസ് റീത്ത് സമർപ്പിച്ചു. റെസിഡന്റ് എഡിറ്റർമാരായ പി എസ് സുരേഷ് (കൊല്ലം), ജി ബാബുരാജ് (കൊച്ചി) എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക് റീത്ത് സമർപ്പിച്ചു. മേയർ എം അനിൽകുമാർ, മുൻ കേന്ദ്ര മന്ത്രി പ്രഫ. കെ വി തോമസ്, മുൻ മേയർ ടോണി ചമ്മണി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം ടി നിക്സൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സൻജിത്ത്, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, എറണാകുളം എംപി ഹൈബി ഈഡൻ, മുൻ എംപി കെ ചന്ദ്രൻപ്പിള്ള, മുൻ എംഎൽഎമാരായ ജോസഫ് എം പുതുശ്ശേരി, എ എം യൂസഫ്, ജെയ്സൺ ജോസഫ്, അഡ്വ. അബ്ദുൾ മുത്തലിബ്, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമാ കണ്ണൻ, ആലുവ നഗരസഭ അധ്യക്ഷൻ എം ഒ ജോൺ, കെ പി കരിം, ജമാൽ മണക്കാടൻ, കെ കെ ഇബ്രാഹിം കുട്ടി, ശ്രീമൂലനഗരം മോഹൻ, കാർട്ടൂൺ അക്കാദമിക്ക് വേണ്ടി സുകുമാർ, അനൂപ് രാധാകൃഷ്ണൻ, കെ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കളമശ്ശേരിയിൽ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന ഭൗതിശരീരം എറണാകുളം ചിറ്റൂർ റോഡിൽ സെമിത്തേരി മുക്കിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ജനയുഗത്തിന് തീരാ നഷ്ടം: രാജാജി മാത്യു തോമസ്

ദീർഘകാലമായി ജനയുഗത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന കാർട്ടൂണിസ്റ്റ് യേശുദാസന്റെ വേർപാട് ജനയുഗത്തിന് തീരാനഷ്ടമാണെന്ന് എഡിറ്റർ രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു. കളമശ്ശേരി ടൗൺ ഹാളിൽ യേശുദാസന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലയാള പത്രങ്ങളിൽ ആദ്യമായി പോക്കറ്റ് കാർട്ടൂൺ ആരംഭിച്ചത് ജനയുഗത്തിലാണ്. കിട്ടുമ്മാവൻ എന്ന കാർട്ടൂൺ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. യേശുദാസന്റെ അന്ത്യദിനങ്ങൾ വരെ ജനയുഗത്തിനായി കാർട്ടൂൺ വരച്ചിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ 18 ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് കാർട്ടൂൺ വന്നത്. ശാരീരിക അവശതകൾ കാരണം പിന്നീട് വരയ്ക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധപ്പെട്ടപ്പോൾ പറഞ്ഞിരുന്നതായും രാജാജി അനുസ്മരിച്ചു. കുട്ടികൾക്ക് വേണ്ടി ബാലയുഗം പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ അതിന്റെ പത്രാധിപർ ആയി ചുമതലപ്പെടുത്തിയതും യേശുദാസനെയായിരുന്നു. അതിനാൽ സുദീർഘമായ ബന്ധമാണ് അദ്ദേഹവും ജനയുഗവുമായി ഉണ്ടായിരുന്നതെന്നും രാജാജി പറഞ്ഞു.
Eng­lish summary;condolences to the famous car­toon­ist YeshuDas
you may also like this video;

Exit mobile version