Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവെന്ന് സ്ഥിരീകരണം

ഓപ്പറേഷന്‍ സിന്ദൂറിനിടെ യുദ്ധവിമാനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍ നാല് ദിവസത്തെ ആക്രമണത്തിനിടെ ഒരിക്കല്‍ പോലും ആണവയുദ്ധത്തെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സായുധ സേനാ പ്രതിരോധ മേധാവി അനില്‍ ചൗഹാന്‍ ശനിയാഴ്ച സിംഗപ്പൂരില്‍ ബ്ലൂംബര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തിന് എത്ര ജെറ്റുകള്‍ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയില്ല. ‘ജെറ്റുകള്‍ എങ്ങനെയാണ് വീണത്, എന്തൊക്കെ വീഴ്ചകള്‍ സംഭവിച്ചു, അതാണ് പ്രധാനം. അല്ലാതെ എണ്ണമല്ല. ഞങ്ങള്‍ക്ക് പറ്റിയ തന്ത്രപരമായ പിഴവ് മനസിലാക്കാനും അത് പരിഹരിക്കാനും തിരുത്താനും രണ്ട് ദിവസത്തിനു ശേഷം അത് വിജയകരമായി നടപ്പാക്കാനും കഴിഞ്ഞു. എല്ലാ ജെറ്റുകളും വീണ്ടും പറത്താന്‍ കഴിഞ്ഞു എന്നത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് ശേഷം ആദ്യമായാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. ആണവയുദ്ധം ഒഴിവാക്കാന്‍ യുഎസ് സഹായിച്ചെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ജനറല്‍ അനില്‍ ചൗഹാന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുരാജ്യങ്ങളും ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിലേക്ക് എത്തിയിരുന്നു എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. 

Exit mobile version