മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഗ്രാമത്തിലെ പ്രതിരോധ വോളണ്ടിയറെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംയുക്ത ആക്ഷന്‍ കമ്മിറ്റി ശനിയാഴ്ച ആഹ്വാനം ചെയ‍്ത 24 മണിക്കൂര്‍ ബന്ദിനിടെ നടന്ന ബോംബേറിലും വെടിവയ‍്പ്പിലും ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലാണ് അക്രമം നടന്നത്.
പ്രാദേശിക ചാനലിലെ കാമറാമാന് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു വൃദ്ധയ‍്ക്കും പരിക്കേറ്റു. വെള്ളിയാഴ‍്ച രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്. സംഭവത്തെ മുഖ്യമന്ത്രി ബിരേന്‍സിങ് അപലപിച്ചു. സംഭവസ്ഥലത്ത് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അറിയിച്ചു. വെള്ളിയാഴ‍്ച കാങ്പോക‍്പി ജില്ലയിലെ ചുറ്റുമുള്ള കുന്നുകളില്‍ നിന്ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ തമ‍്നപോക്പിയിലേക്ക് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ‍്ച രാവിലെ സനസാബിയിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.