മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. ചുരാചന്ദ്പൂരില്‍ ഹമാര്‍ ഗോത്രനേതാവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗോത്ര സംഘടനയായ ഹമര്‍ ഇന്‍പുയി ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തി. സംഘടനയുടെ ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് ലാല്‍താന്‍പുയിയ ഹമാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചുരാചന്ദ്പൂരിലെ വികെ മോണ്ടിസോറി സ്കൂളിനു സമീപത്തുവച്ച് ചിലര്‍ ലാല്‍താന്‍പുയിയയെ തടഞ്ഞുനിര്‍ത്തുകയും കണ്ണുകള്‍ കെട്ടി ആക്രമിക്കുകയുമായിരുന്നു.
അക്രമികളോട് ഇന്നലെ രാവിലേയ്ക്കകം ഹമാര്‍ ഇന്‍പുയി ഓഫിസില്‍ ഹാജരാകാന്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. ഹമാര്‍ വിദ്യാര്‍ത്ഥി സംഘടനയും ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ചുരാചന്ദ്പൂരിനെ മിസോറാമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 150 ഉപരോധിക്കുകയും ചെയ്തു. ക്രമസമാധാനനില കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ദ് ജില്ലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാരണത്താലാണ് നടപടി.