മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ബിഷ്ണുപൂര്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ മാസം നാലിന് ആരംഭിച്ച കലാപത്തില്‍ 70 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പേരിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിഷയത്തില്‍ പ്രതിഷേധിച്ച കുക്കി വിഭാഗക്കാരും മെയ്തി വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഏതാനും ദിവസം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നുവെങ്കിലും ചൊവ്വാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതോടെ തലസ്ഥാനമായ ഇംഫാലില്‍ അടക്കം കര്‍ഫ്യുവില്‍ നല്‍കിയ ഇളവ് റദ്ദാക്കി. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വിലക്കും തുടരുകയാണ്.
ബിഷ്ണുപൂര്‍ ജില്ലയിലെ പുബഗ്ചേ മേഖലയില്‍ ഒരു സമുദായത്തിലെ ജനങ്ങള്‍ സംഘടിച്ചെത്തി എതിര്‍വിഭാഗത്തിന്റെ മൂന്നു വീടുകള്‍ അഗ്നിക്കിരയാക്കിയെന്നും ഇതിനു തിരിച്ചടിയായി മറുവിഭാഗം നാലു വീടുകള്‍ തീയിട്ട് നശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മോയ്റങ് പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പില്‍ ആയുധങ്ങളുമായി എത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ടേയ്ജം ചന്ദ്രമണിയെന്ന യുവാവിനെ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും മരിച്ചു.
പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലും ഇരുവിഭാഗവും ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ കേന്ദ്ര സേനയെ മേഖലകളില്‍ വിന്യസിച്ചു. 20 കമ്പനി കേന്ദ്രസേനയുടെ സേവനം കൂടി ആവശ്യപ്പെട്ടതായി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.
english summary;Conflict again in Manipur; One person was killed
you may also like this video;