Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാങ്പോക്പി ജില്ലയിലാണ് പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിച്ചത്. സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സുരക്ഷാ സേനയെ മേഖലയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ പ്രതിഷേധക്കാരെ തടഞ്ഞതോടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്ത് പുതിയ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെയാണ് പുതിയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 

സൈബോള്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന കേന്ദ്ര സേന, മെയ്തി അനുകൂല നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് കുക്കി-സോ വിഭാഗമാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എസ്‌പി ഓഫിസ് ബലമായി അടച്ചുപൂട്ടാനുള്ള പ്രതിഷേധക്കാരുടെ ശ്രമത്തെ സുരക്ഷാ സേന പ്രതിരോധിച്ചപ്പോഴാണ് സംഘര്‍ഷം രൂക്ഷമായത്. കാങ്പോക്പി എസ് പി മനോജ് പ്രഭാകറിനും ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.
കുക്കി വിഭാഗം സംഘടനകള്‍ ഇന്നലെ സംസ്ഥാനത്ത് ബന്ദ് ആചരിച്ചു. കുക്കി ഭൂരിപക്ഷ മേഖലകളില്‍ കേന്ദ്രസേനകളുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. ദേശീയ പാതകള്‍ തടഞ്ഞിട്ടുള്ള പ്രതിഷേധം ഇന്നുകൂടി തുടരുമെന്ന് കുക്കി-സോ കൗണ്‍സില്‍ അറിയിച്ചു.
ഇന്നലെ മണിപ്പൂരിന്റെ 19-ാമത്തെ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സ്ഥാനമേറ്റിരുന്നു. വെള്ളിയാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കൃഷ്ണകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം അദ്ദേഹം മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

Exit mobile version