Site icon Janayugom Online

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തുടരുന്നതിനിടെയാണ് മെയ്തി-കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ഇംഫാലിലെ ന്യൂചെക്കോണ്‍ മാര്‍ക്കറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇംഫാലിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഏതാനും വീടുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു. കലാപത്തിന് ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ ഉള്‍‍പ്പടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. 

പ്രദേശത്താകെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതോടെ സൈന്യവും അര്‍ധസൈനിക വിഭാഗവും ക്രമസമാധാന ചുമതല ഏറ്റെടുത്തു. മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് നാല് മണിക്ക് ഇളവ് പ്രഖ്യാപിക്കാനിരിക്കെയാണ് കര്‍ഫ്യൂ പുനഃസ്ഥാപിച്ചത്. 20 ദിവസത്തിലധികമായി പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച നിലയിലാണ്. പുതിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്തെ മൂന്ന് എണ്ണ സംഭരണശാലകള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി. 

ഗോത്രവിഭാഗമായ കുക്കികള്‍ മേയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെയായിരുന്നു പ്രതിഷേധം. കുക്കികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുക്കികളുടെ ആരോപണം. രണ്ടാഴ്ച ഇരുകൂട്ടരും തമ്മിലുള്ള അക്രമസംഭവങ്ങള്‍ പതിവായിരുന്നു. എഴുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കോടികളുടെ നാശനഷ്ടമുണ്ടായി. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. 

Eng­lish Summary;Conflict again in Manipur

You may also like this video

Exit mobile version