Site iconSite icon Janayugom Online

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ മരിച്ചു. ഇംഫാൽ വെസ്‌റ്റ് ജില്ലയിലാണ് കുക്കി-മെയ്തി സമുദായക്കാര്‍ തമ്മിൽ കനത്ത വെടിവയ്പുണ്ടായത്. കാങ്‌പോക്‌പി ജില്ലയിലെ സമീപ കുന്നുകളിൽ നിന്ന് ഇംഫാൽ താഴ്‌വരയുടെ പ്രാന്തപ്രദേശത്തുള്ള കോട്രുക്ക് ഗ്രാമത്തിലേക്ക് സായുധ സംഘം വെടിയുതിർത്തതായും എതിര്‍ചേരിയിലുള്ളവര്‍ തിരിച്ചടിച്ചതായും പൊലീസ് പറഞ്ഞു. പ്രാദേശികമായി നിർമ്മിച്ച മോർട്ടാർ ഷെല്ലുകളും അക്രമികള്‍ ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു. 

വെടിയേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ബന്ദിന് കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തു. പ്രദേശത്തു നിന്ന് സ്ത്രീകളെയും കുട്ടികളെയും പ്രായമയവരെയും മാറ്റിപ്പാർപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര‑സംസ്ഥാന സുരക്ഷാ സേനകളുടെ വൻ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. ഒരു വർഷമായി നീണ്ടു നിൽക്കുന്ന സാമുദായിക സംഘർഷത്തിൽ മണിപ്പൂരിൽ ഇതു വരെ 220 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ബിഷ്‌ണുപൂർ ജില്ലയിലെ സുരക്ഷാ സേനയുടെ ക്യാമ്പിന് നേരെ സായുധ സംഘം നടത്തിയ ആക്രമണത്തിൽ ഒരു സബ് ഇൻസ്‌പെക്‌ടർ ഉൾപ്പെടെ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ആറ് ബൂത്തുകളില്‍ റീ പോളിങ്

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭാ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് നാളെ രാവിലെ ഏഴ് മണി മുതല്‍ നാലുമണി വരെ വോട്ടെടുപ്പ്. 

Eng­lish Sum­ma­ry: Con­flict con­tin­ues in Manipur; One per­son was killed in the firing

You may also like this video

Exit mobile version