Site iconSite icon Janayugom Online

മണിപ്പൂരിൽ സംഘർഷം തുടരുന്നു

മണിപ്പൂരിലെ ഉഖ്രുൾ ജില്ലയിൽ തങ്ഖുൽ നാഗാ വിഭാഗവും കുക്കി-സോ വിഭാഗവും തമ്മിലുണ്ടായ സംഘർഷം തുടരുന്നു. പ്രശ്നം പരിഹരിക്കാൻ പൗര സംഘടനകളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളിലെയും സിവിൽ സൊസൈറ്റി നേതാക്കൾ ഇന്ന് മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും.
ഫെബ്രുവരി ഏഴിന് വൈകുന്നേരം ലിറ്റാൻ സരീഖോങ്ങിൽ മദ്യപിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്. തങ്ഖുൽ നാഗാ സമുദായക്കാരനായ സ്റ്റെർലിംഗ് എന്നയാൾക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ സംഘർഷം പടരുകയായിരുന്നു. വർഷങ്ങളായി നിലനിൽക്കുന്ന ഭൂമി തർക്കങ്ങളും വിദ്വേഷത്തിന് ആക്കം കൂട്ടി.
കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ തുടരുന്ന അക്രമങ്ങളിൽ നാല്പതിലധികം വീടുകൾക്ക് തീവെച്ചു. ലിറ്റാൻ പ്രദേശത്തും സമീപ ഗ്രാമങ്ങളിലും വെടിവയ്പ്പും തീവെപ്പും ഉണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഉഖ്രുളിൽ ഞായറാഴ്ച രാത്രി മുതൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ ഉഖ്രുളിന് പുറമേ കാങ്‌പോക്പി, കാംജോങ് ജില്ലകളിലെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് നിരോധിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. ലിറ്റാൻ പൊലീസ് സ്റ്റേഷനിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാൻ സംയുക്ത കൺട്രോൾ റൂം തുറന്നു. 

Exit mobile version