Site icon Janayugom Online

കുടിയൊഴിപ്പിക്കലിനിടെ സംഘര്‍ഷം: രണ്ടുപേരെ പൊലീസ് വെടിവച്ചുകൊന്നു

അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 800 മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള അസം സര്‍ക്കാരിന്റെ നടപടിക്കിടെയാണ് പ്രതിഷേധവും വെടിവയ്പ്പുമുണ്ടായത്. അസമിലെ ധോല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ബിജെപി നിയമസഭാംഗം ചെയര്‍മാനായുള്ള കാര്‍ഷിക സംരംഭത്തിനുവേണ്ടിയാണ് ഒഴിപ്പിക്കലെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസ് പ്രതിഷേധക്കാരെ പിന്തുടര്‍ന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏഴ് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡാരംഗ് ജില്ലയിലെ ധോല്‍പൂര്‍ ഒന്ന്, മൂന്ന് ഗ്രാമങ്ങളിലാണ് തിങ്കളാഴ്ച മുതല്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. ബംഗാളി സ്വദേശികളായ മുസ്‍‍ലിം വിഭാഗക്കാരാണ് ഇവിടങ്ങളിലെ ഭൂരിഭാഗം താമസക്കാരും. ജൂണിൽ ഹൊജായ് ജില്ലയിലെ ലങ്കയില്‍ 70 കുടുംബങ്ങളെയും സോണിത്പൂരില്‍ 25 കുടുംബങ്ങളെയും സമാനമായ രീതിയില്‍ ഒഴിപ്പിച്ചിരുന്നു. കൃത്യമായ മുന്നറിയിപ്പോ പുനരധിവാസ പദ്ധതികളോ ഇല്ലാതെ ആളുകളെ ഒഴിപ്പിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

മതപരമായ നാല് നിർമ്മിതികളും ഒരു സ്വകാര്യ സ്ഥാപനവും 800 വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലേക്ക് മാറിയ കുടുംബങ്ങളെ സർക്കാർ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നാണ് ആരോപണം. ഇതാണ് വന്‍ പ്രതിഷേധത്തിലേക്ക് വഴിമാറിയത്. കുടിവെളളവും ആരോഗ്യസംവിധാനവും ശൗചാലയങ്ങളുമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 

ENGLISH SUMMARY:Conflict dur­ing evic­tion: Two shot dead by police
You may also like this video

Exit mobile version