Site iconSite icon Janayugom Online

തായ്‌ലൻഡ് കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷം; സൈനികർ ഏറ്റുമുട്ടി

തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷം. കംബോഡിയയുടെ പ്രവിശ്യകളിൽ തായ് സൈന്യം എഫ് 16 പോർവിമാനങ്ങൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് മറുപടിയായി കംബോഡിയൻ സൈന്യം തായ്‌ലൻഡിലെ ഒരു ഗ്യാസ് സ്റ്റേഷൻ ആക്രമിച്ചതായും വാർത്തകളുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു. വടക്കുപടിഞ്ഞാറൻ കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഇന്നു രാവിലെയാണ് സംഘർഷം ആരംഭിച്ചത്. 

ഈ ആക്രമണങ്ങളിൽ രണ്ട് തായ് പൗരന്മാർ കൊല്ലപ്പെടുകയും രണ്ട് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. കംബോഡിയ ദീർഘദൂര ബി.എം. 21 ഗ്രാഡ് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് തായ്‌ലൻഡ് വ്യോമാക്രമണം നടത്തിയതെന്നാണ് തായ്‌ലൻഡിന്റെ ആരോപണം. തായ്‌ലൻഡിലെ സിസാകെറ്റ് പ്രവിശ്യയിലെ ഗ്യാസ് സ്റ്റേഷൻ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡ് നടത്തുന്നത് സായുധ അധിനിവേശമാണെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കംബോഡിയയുമായി അതിർത്തി പങ്കിടുന്ന തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയിലെ 86 ഗ്രാമങ്ങളിൽ നിന്ന് നാല്പതിനായിരത്തോളം തായ് പൗരന്മാരെ ഒഴിപ്പിച്ചിട്ടുണ്ട്.

Exit mobile version