Site icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് ചാറ്റ് പുറത്തുവന്നതില്‍ സംഘടനയില്‍ പോര്; ഷാഫി പറമ്പിലിനെതിരെ ഒരു വിഭാഗം

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതിനെ സംബന്ധിച്ച് സംഘടനയില്‍ പോര്. സംസ്ഥാന പ്രസിഡന്റ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. 12 സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന് കത്തയക്കുകയും ചെയ്തു. സംഭവം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശബരിനാഥന്റെ അറസ്റ്റിലേക്ക് വരെ എത്തിയതോടെയാണ് പ്രതിഷേധം പുകഞ്ഞത്.

വാട്‌സാപ്പ് ചാറ്റിന്റെ ചോര്‍ച്ചയില്‍ നടപടിയെടുക്കണമെന്നാണ് പ്രധാനമായും ഉയരുന്ന വാദം. അതേസമയം, സമാനമായ ചോര്‍ച്ച നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് കത്തയച്ചു.

നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും കത്തില്‍ ഒപ്പിട്ടു. പ്രതിഷേധം ശക്തമായി ഉയരുന്ന പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. അതിന് പുറമെ, ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ന്നത് പൊലീസില്‍ പരാതി നല്‍കുന്നത് അടക്കം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ മുൻ എംഎല്‍എ കെ എസ് ശബരീനാഥനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണ് എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനു വിളിപ്പിച്ച ശബരീനാഥനെ അറസ്റ്റ് ചെയ്തത് പിന്നീട് ജാമ്യത്തില്‍ വിട്ടത്.

വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.  ശബരീനാഥിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ്  ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവായത്.

സിഎം കണ്ണൂരില്‍ നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം എന്ന് നിര്‍ദ്ദേശിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനാണ്. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആകില്ലെന്നും ശബരിനാഥന്‍ പറയുന്നു.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഗ്രൂപ്പിന്റെ അഡ്മിനാണ്.

വിമാനത്തിനുള്ളിലെ അക്രമം കളര്‍ഫുള്ളും അടിപൊളിയും ആകുമെന്നും അതിനാല്‍ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കള്‍ പറയുന്നു. 109ഓളം നേതാക്കള്‍ അടങ്ങിയതാണ് വാട്‌സ്ആപ് ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് ലോഗോയാണ് ഡിസ്പ്ലേ പിക്ചര്‍. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജില്‍ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാന്‍ ശബരിനാഥന്‍ മുന്നിലുണ്ടാകണമെന്നും നിര്‍ദേശിക്കുന്നതായിരുന്നു വാട്സ്ആപ്പ് ചാറ്റ്.

Eng­lish sum­ma­ry; Con­flict in the orga­ni­za­tion over the release of Youth Con­gress chat; A fac­tion against Shafi Parambil

You may also like this video;

Exit mobile version