Site iconSite icon Janayugom Online

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി കൊടുക്കാത്തതില്‍ സംഘര്‍ഷം; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

കൊച്ചി വൈപ്പിനിലെ ഹോട്ടലില്‍ പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നല്‍കാത്തതിനെ ചൊല്ലി സംഘര്‍ഷം. ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്കേറ്റു. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈര്‍, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റത്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഗ്രേവി ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തര്‍ക്കം ആരംഭിച്ചത്. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ പ്രശ്‌നം വഷളായി. കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞു. ഇതിനെ ഹോട്ടലുടമകള്‍ എതിര്‍ക്കുകും ചെയ്തു. ഒടുവില്‍ തര്‍ക്കം സംഘര്‍ഷത്തിനു വഴിമാറി.

തല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നല്‍കിയ മൊഴി. ഭര്‍ത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.

Exit mobile version