Site iconSite icon Janayugom Online

ഇന്ത്യ‑ഫ്രാന്‍സ് ആയുധക്കരാറില്‍ ആശയക്കുഴപ്പം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ‑ഫ്രാന്‍സ് ആയുധക്കരാറില്‍ സമ്പൂര്‍ണ ആശയക്കുഴപ്പം, അനിശ്ചിതത്വം.
ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളുടെ ഇടപാട് മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൂന്ന് പ്രധാന പ്രസ്താവനകളിലും ഇല്ല. ആദ്യ പ്രസ്താവനയില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് അന്തര്‍വാഹിനികളുടെ നിര്‍മ്മാണവും പിന്നീട് ഇല്ലാതായി. ഒരു സംയുക്ത പ്രസ്താവനയ്ക്ക് പകരം മൂന്ന് പ്രസ്താവനകള്‍ പുറത്തിറക്കിയതും അസാധാരണ സംഭവമായി. വില സംബന്ധിച്ച് ധാരണയാകാത്തതാണ് റഫാല്‍ ഇടപാട് തടസപ്പെടാന്‍ കാരണമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി പാരിസില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന ആദ്യ പ്രസ്താവനയില്‍ മൂന്ന് അന്തര്‍വാഹിനികള്‍, പുതു തലമുറ യുദ്ധ വിമാനങ്ങളുടെയും ഹെലിക്കോപ്റ്ററുകളുടെയും എന്‍ജിന്‍ എന്നിവ സംയുക്തമായി നിര്‍മ്മിക്കാന്‍ ധാരണയായെന്ന് അറിയിച്ചിരുന്നു. എന്നാല്‍ റഫാല്‍ കരാര്‍ ഇതില്‍ ഉള്‍പ്പെട്ടില്ല. രണ്ടാമതായി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ‘ലിസ്റ്റ് ഓഫ് ഔട്ട്കം’ എന്ന പേരില്‍ പ്രസ്താവന പുറത്തുവന്നു. ഇതിലും റഫാല്‍ ഉണ്ടായിരുന്നില്ല. മൂന്നാമത് പുറത്തിറക്കിയ പുതുക്കിയ സംയുക്ത പ്രസ്താവനയില്‍ അന്തര്‍വാഹിനികളുടെ സംയുക്ത നിര്‍മ്മാണവും അപ്രത്യക്ഷമായി. അതേസമയം മോഡിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ഒരു സംയുക്ത പ്രസ്താവന മാത്രമാണ് ഉണ്ടായിരുന്നത്.
അടുത്ത തലമുറ യുദ്ധ വിമാനങ്ങള്‍, 13 ടണ്‍ ഹെലികോപ്റ്റര്‍ എന്നിവയ്ക്കാവശ്യമായ എൻജിനുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിന് ഫ്രാൻസിന്റെ സഫ്രാനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡുമാണ് കരാര്‍ ഒപ്പിടുക. മൂന്ന് സ്കോര്‍പ്പീൻ ക്ലാസ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ മസഗോണ്‍ കപ്പല്‍ നിര്‍മ്മാണ ശാലയും ഫ്രഞ്ച് നാവിക സേനയും തമ്മിലാണ് ധാരണാ പത്രം ഒപ്പിടേണ്ടത്. മസഗോണ്‍ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ആറ് അന്തര്‍വാഹിനികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാവിക പതിപ്പ് തെരഞ്ഞെടുത്തതായി നിര്‍മ്മാണകമ്പനിയായ ദസ്സോ ഏവിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ നാവികസേനയ്ക്ക് യോജിച്ചതാണ് റഫാല്‍ മറൈന്‍ വിമാനങ്ങളെന്ന് കണ്ടെത്തിയതായും ദസ്സോ അവകാശപ്പെട്ടു. ഐഎന്‍എസ് വിക്രാന്തിനായി 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍, മറ്റ് ആയുധങ്ങള്‍, യന്ത്രഭാഗങ്ങള്‍, പരിശീലനം തുടങ്ങിയവ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലെ ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

Eng­lish sum­ma­ry; Con­fu­sion over India-France arms deal

you may also like this video;

Exit mobile version