Site icon Janayugom Online

കോൺഗ്രസ്-ആം ആദ്മി നാല് സംസ്ഥാനങ്ങളിൽ സീറ്റ് ധാരണ

ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന സംസ്ഥാനങ്ങളിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ സീറ്റ് ധാരണ. ഇന്ത്യ സഖ്യത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ് തീരുമാനം. ഡൽഹിയിൽ ആം ആദ്മി നാലും കോൺഗ്രസ് മൂന്നും സീറ്റുകളിൽ മത്സരിക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് നാല് സീറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു എഎപി. നിലവില്‍ ഇരുപാര്‍ട്ടികള്‍ക്കും ഡല്‍ഹിയില്‍ എംപിമാരില്ല. ഡല്‍ഹിയിലെ ഭരണവും, മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മികച്ച വിജയവും ചൂണ്ടിക്കാണിച്ചാണ് എഎപി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്. ഗോവയിൽ നേരത്തെ പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസിന് എഎപി പിന്തുണ നൽകും.

ഗുജറാത്തില്‍ എഎപി രണ്ട് സീറ്റുകളിലായിരിക്കും മത്സരിക്കുക. ബിജെപിയുടെ സിറ്റിങ് സീറ്റായ ബരൗച്, ഭാവ്നഗര്‍ എന്നിവിടങ്ങളാണ് എഎപിക്ക് ലഭിച്ചത്. ഇവിടെ സ്ഥാനാര്‍ത്ഥികളെ എഎപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹരിയാനയില്‍ എഎപി ഒരു സീറ്റിലായിരിക്കും മത്സരിക്കുക. പഞ്ചാബിലെ സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിയുമായി യുപിയില്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചിരുന്നു. ഇവിടെ പതിനേഴ് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക.

മധ്യപ്രദേശില്‍ ധാരണ പ്രകാരം എസ്‌പി ഒരു സീറ്റില്‍ മത്സരിക്കും. ലോക് സഭ തെര‍‍ഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ സംസ്ഥാന തലത്തിലെ ശക്തി അനുസരിച്ച് സീറ്റ് വിഭജനം നടത്തുമെന്ന് നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സഖ്യം മുന്നോട്ട് പോകുന്നത്. തെലങ്കാന, തമിഴ‌്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും ഉടനടി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യ സഖ്യം നേതാക്കള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Con­gress-Aam Aadmi

You may also like this video

Exit mobile version