Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഖ്യ കക്ഷിയായ ജെഎംഎം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നു

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഖ്യ കക്ഷിയായ ജെഎംഎം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നു. എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ജാർഖണ്ഡ് മുക്തി മോർച്ചയും (ജെ എം എം). ജാർഖണ്ഡില്‍ കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് ഷിബു സോറന്‍ നയിക്കുന്ന ജെഎംഎം. 

പാർട്ടിയുടെ പിന്തുണ തേടി ദ്രൗപതി മുർമു കഴിഞ്ഞ ദിവസം ജാർഖണ്ഡ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ എം എം തീരുമാനം വ്യക്തമാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഒരു ആദിവാസി വനിത രാഷ്ട്രപതിയാകുന്നത്. അതിനാൽ, കൃത്യമായ ആലോചനകൾക്ക് ശേഷം, ദ്രൗപതി മുർമുവിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി തീരുമാനിക്കുന്നു, ജെ എം എം മേധാവി ഷിബു സോറൻ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എൻഡിഎ സ്ഥാനാർത്ഥിക്ക് ഐക്യ പുരോഗമന സഖ്യത്തിന്റെ (യുപിഎ) ഭാഗമായ നിരവധി പാർട്ടികളുടെ പിന്തുണയാണ് ലഭിക്കുന്നത്.

ശിവസേനയും കഴിഞ്ഞ ദിവസം ദ്രൗപതി മുർമുവിനെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുപോലെ, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയും (വൈ എസ് ആർ സിപി) എതിരാളിയായ തെലുഗു ദേശം പാർട്ടിയും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ, ലോക്‌സഭയിൽ രണ്ട് എംപിമാരും പഞ്ചാബിൽ മൂന്ന് എം എൽ എമാരുമുള്ള പഞ്ചാബിലെ ശിരോമണി അകാലിദളും (എസ് എഡി) എന്‍ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ആദ്യം ബി ജെപി അധ്യക്ഷൻ ജെപി നദ്ദ എൻ ഡി എയുടെ നാമനിർദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിനെ ബന്ധപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Con­gress ally JMM is sup­port­ing the NDA can­di­date in the pres­i­den­tial election

You may also like this video:

Exit mobile version