Site iconSite icon Janayugom Online

കോണ്‍ഗ്രസ് ജനാധിപത്യത്തിന്റെ ചൂടറിയും: കെ പ്രകാശ് ബാബു

prakash babuprakash babu

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചൂട് നന്നായി അറിയാവുന്നവരാണ് കോൺഗ്രസുകാരെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. എൽഡിഎഫ് വണ്ടൂർ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിയന്ന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധി പോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇക്കുറി വയനാട്ടിലെ ജനങ്ങളുടെമേൽ ഒരു തെരഞ്ഞെടുപ്പ് അടിച്ചേല്പിച്ച കോൺഗ്രസ് അതിനുള്ള വില നൽകേണ്ടി വരും. എന്തിനാണ് രാഹുൽ വയനാട് ഉപേക്ഷിച്ചതെന്ന് ജനങ്ങളോട് പറയാൻ കോണ്‍ഗ്രസുകാര്‍ തയ്യാറാകണം. കുടുംബസ്വത്ത് പോലെ കൊണ്ടുനടന്ന ഉത്തരേന്ത്യൻ മണ്ഡലങ്ങളുടെ സ്ഥിതി എന്താണെന്ന കാര്യം ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജനങ്ങളോടൊപ്പം എല്ലാക്കാലത്തും നിലകൊണ്ട നേതാവാണെന്നും പ്രകാശ് ബാബു പറഞ്ഞു.

സിപിഐ(എം) ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം വി പി സാനു, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, എൽഡിഎഫ് നേതാക്കളായ കെ പി രാമനാഥൻ, ജോസ് വർഗീസ്, ഖാലിദ്, പി കെ ഷറഫുദീൻ, ജെ ക്ലീറ്റസ് എന്നിവർ സംസാരിച്ചു. സിയന്ന ബൈപ്പാസിൽ നിന്ന് ആരംഭിച്ച റാലി നഗരപ്രദക്ഷിണം നടത്തി വണ്ടൂർ ടൗണിൽ സമാപിച്ചു. കൺവെൻഷനിൽ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Exit mobile version