Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ; പ്രായത്തിന്റെ പേരില്‍ തര്‍ക്കം രൂക്ഷമാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് 70 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ ഇളവ് തേടി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രംഗത്തു വന്നതോടെയാണ് തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. 

അതിനിടെ കെപിസിസി മുന്‍ പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച എം എം ഹസന്‍ , മുന്‍ ഡെപ്യൂട്ടി സ്പീക്കറും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന എന്‍ ശക്തന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥി മോഹികളായി എത്തിയിരിക്കുകയാണ്. പല മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്ന ഹസന്‍ ഇത്തവണ തിരുവനന്തപുരം ജില്ലിയിലെ അരുവിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമത്തിലാണ്. നെയ്യാറ്റിന്‍കരയിലാണ് ശക്തന്റെ നോട്ടം.

പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ഇരുവരും മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇത് പ്രാദേശിക തലത്തിലും പാർട്ടി നേതൃത്വത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു പുറമെ പുതിയ കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കവും ശക്തമായിരിക്കുകയാണ്. സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തത്. ബെന്നി ബഹനാനെ താല്‍ക്കാലിക പ്രസിഡന്റാക്കാന്‍ ശ്രമം നടന്നിരുന്നു. അതും തടയിടാനാണ് നീക്കമെന്നും പറയപ്പെടുന്നു 

Exit mobile version