Site iconSite icon Janayugom Online

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ച് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പുരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാല്‍ പുതിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ അടിതെറ്റി വീണു. ഒരുകാലത്ത് തുടര്‍ച്ചയായി ഭരിച്ച ഉത്തര്‍ പ്രദേശിലും കോണ്‍ഗ്രസ് നാമാവശേഷമായി. ഗോവയിലും മണിപ്പുരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അടുത്തകാലം വരെ കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന കേരളത്തിലും കര്‍ണാടകത്തിലും ഭരണത്തില്‍ തിരിച്ചുവരാനായില്ല.

നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ കുറച്ച് കാലമായി കോൺഗ്രസിനുള്ളില്‍ ചർച്ചയാണെങ്കിലും, പാർട്ടിയിലെ അടിസ്ഥാന പ്രശ്നങ്ങൾ ഒന്നുപോലും പരിഹരിക്കാൻ ആയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ഉത്തർ പ്രദേശിലും പഞ്ചാബിലും പാര്‍ട്ടിയുടെ എല്ലാ അടിത്തറയും നഷ്ടപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളിയപ്പോള്‍, പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ പിഴവുകളാണ് തോല്‍വിയിലേക്ക് നയിച്ചത്.

കോണ്‍ഗ്രസിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത് ഗോവയില്‍ മാത്രമാണ്. എന്നാല്‍ അവിടെ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇത്തവണ പിന്നിലായി. കഴിഞ്ഞ തവണ 17 സീറ്റ് നേടിയിരുന്ന ഗോവയില്‍ ഇത്തവണ 12 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്. ഗാന്ധി കുടുംബത്തിന്റെ ആധിപത്യത്തിനെതിരെ ഇനി കൂടുതല്‍ ചോദ്യങ്ങള്‍ ഉയരും.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രസക്തമാകുന്ന രീതിയിലാണ് പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കോണ്‍ഗ്രസും പത്തുവര്‍ഷത്തെ മാത്രം പാരമ്പര്യമുള്ള ആം ആദ്മി പാര്‍ട്ടിയും ഇതോടെ തുല്യനിലയിലെത്തിയിട്ടുണ്ട്. ഇരു പാര്‍ട്ടികള്‍ക്കും രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ആം ആദ്മി പാര്‍ട്ടിക്ക് നിലവില്‍ ഡല്‍ഹിയില്‍ ഭരണമുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള രണ്ടു സംസ്ഥാനങ്ങളില്‍ ഒന്ന് രാജസ്ഥാനും മറ്റൊന്ന് ഛത്തീസ്ഗഡുമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് സര്‍ക്കാരുകളില്‍ പങ്കാളിത്തമുണ്ടെന്നത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാവുന്ന മറ്റൊരു കാര്യം. കോണ്‍ഗ്രസിന് ബദല്‍ എന്ന പ്രചാരണം ഏറ്റെടുത്ത് ആംആദ്മി ദേശീയ രാഷ്ട്രീയത്തിലേക്കായിരിക്കും ഇനി ലക്ഷ്യം വയ്ക്കുക.

Eng­lish Sum­ma­ry: Con­gress collapsed

You may like this video also

Exit mobile version