Site icon Janayugom Online

മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്. തങ്ങളുടെ പ്രകടന പത്രികയെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള മുസ്ലിം ലീഗിന്റെ പ്രകടന പത്രികയുമായി താരതമ്യം ചെയ്ത മോഡിയുടെ നടപടി വർഗീയ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് പരാതിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡി കോൺഗ്രസിനെതിരെ മുസ്ലിം ലീഗിനെ ആയുധമാക്കിയത്. പ്രകടന പത്രികയിലെ ഓരോ പേജും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണെന്നും സ്വാതന്ത്ര്യത്തിനു മുമ്പത്തെ മുസ്ലിം ലീഗിന്റെ ആശയങ്ങളാണ് അതിൽ പ്രതിഫലിപ്പിക്കുന്നതെന്നും മോഡി ആരോപിച്ചിരുന്നു. 

സൽമാൻ ഖുർഷിദ്, മുകുൾ വാസ്‌നിക്, പവൻ ഖേര, ഗുരുദീപ് സിങ് സപ്പൽ എന്നിവർ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കളുടെ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സന്ദർശിച്ച് പരാതി നൽകിയത്. എല്ലാ പാര്‍ട്ടികള്‍ക്കും സമത്വം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകടമാക്കേണ്ട സമയാണിതെന്ന് പരാതി നൽകിയ കാര്യം പങ്കുവച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 

Eng­lish Sum­ma­ry: Con­gress com­plains to Elec­tion Com­mis­sion against Modi

You may also like this video

Exit mobile version