Site iconSite icon Janayugom Online

മൗദൂദിയെ ന്യായീകരിക്കുന്ന കോൺഗ്രസ്

മതേതര ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായ രാഷ്ട്രസങ്കല്പങ്ങളെ തീർത്തും തിരസ്കരിച്ചുകൊണ്ട് ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് ശ്രമം നടത്തുന്ന മൗദൂദിയുടെ വിഷലിപ്ത ആശയങ്ങളെ വെള്ളപൂശുന്നതിന്നായി ബൈബിളിലെ ദൈവ രാജ്യത്തെ പരാമർശിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവിന്റെ പ്രസ്താവന ഈയിടെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താനൊരു ക്രൈസ്തവനാണെന്നും താൻ കുർബാനയ്ക്കും വീട്ടിലും പ്രാർത്ഥിക്കുമ്പോൾ ‘അങ്ങയുടെ രാജ്യം വരണമേ’ എന്നു പറഞ്ഞാൽ, ക്രൈസ്തവരാജ്യം വരണമെന്നല്ല അതിന്റെ അർത്ഥമെന്നും ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തെയും അപ്രകാരം വിലയിരുത്തിയാൽ മതിയെന്നും പ്രഖ്യാപിച്ചാണ് സമഗ്രാധിപത്യ ഇസ്ലാമിക രാഷ്ട്രസങ്കല്പത്തെ പ്രഘോഷിക്കുന്ന മൗദൂദിയുടെ അനുയായികളെ അദ്ദേഹം നിർലജ്ജം ന്യായീകരിച്ചത്.
ആർഎസ്എസിന്റെ, ഏകതാനത സ്വഭാവത്തിലുള്ള രാഷ്ട്രമാക്കി ഇന്ത്യയെ പരിവർത്തിപ്പിക്കാനുള്ള നീക്കങ്ങൾക്ക് സമാനമായ രീതിയിൽ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും നിരാകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ‘ഹുകുമത്തെ ഇലാഹി’ ‘ദൈവ രാജ്യ’ത്തിന് മാത്രമല്ല ‘ഇസ്ലാമിക കാഴ്ചപ്പാടുകൾക്ക് പോലും എതിരാണെന്നാണ് വസ്തുത. എന്നിട്ടും വോട്ടിന് വേണ്ടി വർഗീയതയോട് പരസ്യമായിത്തന്നെ സന്ധിചെയ്യുന്ന നിലപാട് സ്വീകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.
ബൈബിൾ പഠിക്കുമ്പോൾ പഴയ നിയമത്തിൽ തന്റെ ആദ്യജാതനായ യിസ്രായേലിന് ഭൗമിക രാജത്വം ദൈവം വാഗ്ദത്തം ചെയ്തതായുള്ള വചനങ്ങൾ നമുക്ക് വായിക്കാൻ കഴിയുന്നുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനിയേൽ 7: 27)
ഇനി പുതിയ നിയമത്തിലേക്ക് വന്നാൽ യേശുവിന്റെ ജനനത്തെക്കുറിച്ച് ദൂതൻ പ്രവചിക്കുന്ന വേളയിൽ “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും, അവൻ യാക്കോബ് ഗൃഹത്തിന്ന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്ന് അവസാനം ഉണ്ടാകയില്ല” എന്നു പ്രവചിച്ചിരുന്നതായി (ലൂക്കോസ് 1: 32,33) കാണുന്നു. ബൈബിളിൽ വിവിധയിടങ്ങളിൽ ‘രാജാവ്’ എന്ന് യേശുവിനെ വിശേഷിപ്പിക്കുകയും ചെ യ്തിട്ടുണ്ട്.
അതുപോലെ മത്തായിയുടെ സുവിശേഷത്തിൽ യേശു ക്രിസ്തു തന്നെ ദൈവരാജ്യത്തെക്കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നു. “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” (മത്തായി 6: 9,10). എന്നാൽ ക്രൂശീകരണത്തിന് മുന്നോടിയായുള്ള വിചാരണ വേളയിൽ പീലാത്തോസിന്റെ അരമനയിൽ നില്‍ക്കുമ്പോൾ തന്റെ രാജ്യം നിലവിൽ ഐഹികമല്ല എന്നാണ് യേശു ക്രിസ്തു പ്രഖ്യാപിക്കുന്നത്. “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നുവെങ്കിൽ എന്നെ യഹൂദന്മാരുടെ കൈയിൽ ഏല്പിക്കാത്തവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു” (യോഹന്നാൻ 18: 36).
ലോകത്തിന്റെ സ്വഭാവമോ, അധികാരമോ ബാധകമല്ലാതെ ഐഹിക അധികാരങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ തന്റെ രാജ്യം, സ്വർഗീയവും ആത്മീയവുമായ ഒന്നാണെന്നാണ് യേശു ഇതിലൂടെ വ്യക്തമാക്കുന്നത്. ഭാവിയിൽ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുമ്പോൾ പുതിയ ഭൂമിയിൽ ദൈവരാജ്യം നിത്യമായി സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാൽ നിലവിൽ അത് ഐഹികമായ സംവിധാനങ്ങൾ നിറഞ്ഞ ഒന്നല്ല. ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ലെന്നും നീതിയും സമാധാനവും പരിശുദ്ധ ആത്മാവിലുള്ള സന്തോഷമാണെന്നുമുള്ള മറ്റൊരു വചനവും (റോമർ 14: 17) ഈ വാദത്തെ ശക്തിപ്പെടുത്തുന്നു.
യേശുക്രിസ്തുവിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നാൽ ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിൽ പ്രവേശിക്കുകയെന്നാണ് ക്രൈസ്തവർ അർത്ഥമാക്കുന്നത്. മറ്റൊരു വചനം ശ്രദ്ധിക്കൂ, “പ്രത്യക്ഷമായ അടയാളങ്ങളോടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്നാരും പറയുകയുമില്ല. എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട്” (ലൂക്കോസ് 17: 21).
സീസറിന്റെയും റോമൻഭരണത്തിന്റെയും കീഴിലായിരുന്ന യഹൂദ ജനം അദ്ദേഹത്തിന് നികുതി നൽകണമെന്ന വ്യവസ്ഥയുണ്ടായിരിക്കെ നികുതി അടയ്ക്കുകയെന്ന പൗരന്മാരുടെ കടമയെയും രാജ്യത്തിന്റെ ന്യായമായ നിയമങ്ങളുടെ പാലനത്തെയും അംഗീകരിച്ചുകൊണ്ട് ‘സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും’ കൊടുക്കണമെന്നാണ് യേശു ക്രിസ്തു പഠിപ്പിച്ചത്. (ലൂക്കോസ് 20: 25).
എന്നാൽ ദൈവം മാത്രമാണ് രാഷ്ട്രീയ സംരക്ഷകനെന്നും അതുകൊണ്ട് തന്നെ ദൈവേതര വ്യവസ്ഥയുമായുള്ള സഹകരണം മത വിരുദ്ധമാണെന്നും ദൈവത്തോടുള്ള ആരാധന എന്നത് ഭൗതികവും ആത്മികവും രാഷ്ട്രീയവുമായുള്ള അനുസരണമാണെന്നും പഠിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടന പ്രകാരം അവിശ്വാസികളുടെ സർക്കാരിൽ സേവനം ചെയ്യുന്നത് പോലും നിഷിദ്ധമാണ്. ഇത് ഇസ്ലാം മത വിശ്വാസത്തിന്ന് തീർത്തും വിരുദ്ധമായതുകൊണ്ടാണ് മറ്റു മുസ്ലിം സംഘടനകൾ അവരെ മാറ്റി നിർത്തുന്നത്.
ഇസ്ലാമിക ഭരണവ്യവസ്ഥിതിക്ക് കീഴിൽ മാത്രമേ ഒരു മുസ്ലിമിന് ജീവിക്കാൻ പാടുള്ളൂ എന്ന് മതാധ്യാപനങ്ങളിൽ എവിടെയും കാണുന്നില്ല. രാഷ്ട്രത്തിന്റെ സ്വഭാവം എന്ത് തന്നെയായിരുന്നാലും തങ്ങളുടെ മതജീവിതത്തിൽ ഇടപെടാത്തിടത്തോളം വിശ്വാസികൾ രാഷ്ട്രത്തെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
ഒരു ഖുർആൻ വാക്യം ശ്രദ്ധിക്കുക “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക…’’(4: 59). ഇസ്ലാം ലോകം തള്ളിക്കളഞ്ഞ മൗദൂദിയുടെ ജല്പനങ്ങളെ സാധൂകരിക്കാൻ ‘ദൈവ രാജ്യ’ത്തെ കൂട്ടു പിടിച്ച് ഇസ്ലാമിക പ്രമാണങ്ങളെയും ക്രൈസ്തവ വിശ്വാസത്തെയും ഒരുപോലെ കളങ്കപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. 

Exit mobile version