Site iconSite icon Janayugom Online

മന്‍മോഹന്‍സിങ്ങിന് ഭാരതരത്നം നല്‍കണമെന്നാവശ്യവുമായി കോണ്‍ഗ്രസ്

അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സ്മാരകത്തിന് പിന്നാലെ ഭാരതരത്നം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്.ഭാരതരത്നം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തെലങ്കാന സരാ‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ നിര്‍ദ്ദേശം മുന്നോട്ട് വച്ച് നേതാക്കള്‍. സിഖ് വോട്ടുകളില്‍ കണ്ണുവെച്ചാണ് കോണ്‍ഗ്രസ് നീക്കം എന്ന് ബിജെപി വിമര്‍ശിച്ചു .

അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയത് വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കി. തെലങ്കാന സര്‍ക്കാറിന്റെ പ്രമേയത്തെ പിന്താങ്ങി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.സ്മാരകത്തിനൊപ്പം ഭാരതരത്നവും പരിഗണിക്കണമെന്ന് എംപി പ്രമോദ് തിവാരി പറഞ്ഞു. ഭാരതരത്‌ന വിവാദത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മന്‍മോഹന്‍ സിങ്ങിന് ഭാരത് രത്നം നല്‍കുന്ന വിഷയം എന്തുകൊണ്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നില്ലെന്നാണ് ബിജെപിയുടെ വിമര്‍ശനം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍.

മന്‍മോഹന്‍സിങ്ങിന് സ്മാരകം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത് എത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഭാരതരത്‌ന ആവശ്യപ്പെടുന്നതും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമോ എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആശങ്ക.

Exit mobile version