Site iconSite icon Janayugom Online

കലഹം ഭയന്ന്‌ കോൺഗ്രസ്‌; പുനഃസംഘടന ഉപേക്ഷിച്ചു

കലഹപ്പേടി കലശലായതോടെ കോൺഗ്രസിൽ പുനഃസംഘടന ഉപേക്ഷിച്ചു. കുറച്ചു ദിവസങ്ങളായി ഡൽഹിയിലും കേരളത്തിലുമായി നടന്ന മാരത്തോൺ ചർച്ചകൾ ത്രിശങ്കുവിലായതോടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനെ ചാരി തലയൂരാൻ നേതൃത്വം നിർബന്ധിതരായത്. ഇഷ്ടക്കാരെ കെപിസിസി ഭാരവാഹി-ഡിസിസി പ്രസിഡന്റ് പദവികളിൽ അവരോധിക്കാനുള്ള നേതാക്കളുടെ കടുംപിടിത്തം മൂലമാണ് പുനഃസംഘടനാ ചർച്ചകൾ വഴിമുട്ടിയത്. നേതാക്കളുടെ താല്പര്യപ്രകാരം തയ്യാറാക്കി നൽകിയ ആദ്യ കെപിസിസി ജംബോ പട്ടികയിൽ ഹൈക്കമാന്‍ഡ് അതൃപ്തി പ്രകടിപ്പിക്കുകയും മറ്റൊരു സാധ്യതാപട്ടിക ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സാധ്യതാ പട്ടികയിലും ആൾത്തിരക്ക് കുറയാനിടയില്ല എന്ന് വ്യക്തമായതോടെ, തദ്ദേശ തെരഞ്ഞെടുപ്പിൽ സക്രിയമാകാനുണ്ട് എന്ന കാരണം തേടിപ്പിടിച്ച് ചർച്ചകൾക്ക് പൂട്ടിടുകയായിരുന്നു. ഈ മാസം 17നോ 20നോ കെപിസിസി ഭാരവാഹി നിയമനവും ഡിസിസി അഴിച്ചുപണിയും പൂർത്തിയാക്കി പട്ടിക കൈമാറുമെന്നായിരുന്നു അവകാശവാദം. 

ഭാരവാഹിപ്പട്ടികയുടെ എണ്ണത്തെക്കുറിച്ചും ഏതൊക്കെ ജില്ലാ അധ്യക്ഷന്മാരെ ഒഴിവാക്കണം ഏതൊക്കെ നിലനിർത്തണം എന്ന കാര്യത്തിലും ദിവസങ്ങൾ നീണ്ട ചർച്ചയിൽ ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ല. ഭാരവാഹിപ്പട്ടിക 100 ഉം കടന്നു. പിന്നെയും നേതാക്കളുടെ നോമിനികൾ ബാക്കി. പോംവഴിയായി, ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒരാളെ വീതം സെക്രട്ടറിമാരാക്കിയാലോ എന്നിടത്തേക്കു വരെ ആലോചന നീണ്ടു. അപ്പോൾ, സെക്രട്ടറിമാർ മാത്രം 140 പേരാകും. നേതാക്കളുടെ ഇഷ്ടക്കാർ പുറമെ. ഈ ബാഹുല്യം പൊതുജനങ്ങളുടെ പരിഹാസത്തിന് പാത്രമാകും എന്ന അഭിപ്രായമുയർന്നപ്പോൾ ആ ആലോചന ഉപേക്ഷിക്കാതെ നിർവാഹമില്ലെന്നു വന്നു.

എംപിമാരും നേതാക്കളും പിടിവാശി ഉപേക്ഷിക്കാൻ തയ്യാറുമല്ല. ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിലും സമാനസ്ഥിതി. എല്ലാ ജില്ലകളിലും സ്ഥാനമോഹികളായ മൂന്നും നാലും പേർ വീതം. ഈ ഊരാക്കുടുക്കുകൾക്കും പുറമെ, ഇപ്പോൾ കെപിസിസി ഭാരവാഹി-ഡിസിസി അധ്യക്ഷ നിയമനം നടന്നാൽ, തഴയപ്പെടുന്ന നേതാക്കളുടെ അനുയായികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ കുളം കലക്കാനിടയുണ്ട് എന്ന യാഥാർത്ഥ്യവും നേതൃത്വത്തെ അങ്കലാപ്പിലാക്കി. അങ്ങനെയാണ്, ഇപ്പോൾ പുനഃ സംഘടനയല്ല തദ്ദേശ തെരഞ്ഞെടുപ്പാണ് മുഖ്യം എന്ന മയക്കുവെടി അണികൾക്ക് നേരെ പ്രയോഗിച്ച് ദിവസങ്ങളോളം നീണ്ട മാരത്തോൺ ചർച്ചകൾക്ക് തിരശീല താഴ്ത്തിയിരിക്കുന്നത്. പുനഃസംഘടന ഇനിയെന്ന് എന്ന കാര്യത്തിൽ നേതൃത്വത്തിനു പോലും വ്യക്തതയില്ല. 

Exit mobile version