Site iconSite icon Janayugom Online

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കഴിയാതെ കോൺഗ്രസ് പതറുന്നു.ആഭ്യന്തര വിഷയങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസിന്റെ പ്രചരണം. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും പിസിസി അധ്യക്ഷൻ നവജോത് സിങ് സിദ്ദുവും തമ്മിലുള്ള പോർവിളികൾ കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന രീതിയിലാണ് പ്രചാരണവുമായി മുന്നോട്ടുപോകുന്നത്. 

ചന്നിക്കുവേണ്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും രംഗത്തുണ്ട്. റാണാ ഗുര്‍ജീത് സിങ്, ബ്രഹ്മ മൊഹീന്ദ്ര തുടങ്ങിയ സംസ്ഥാന മന്ത്രിമാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ചന്നി കുറഞ്ഞകാലം കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് സംസ്ഥാനഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ചന്നിയാണ് നായകനെന്ന രീതിയില്‍ ഒരു വീഡിയോ പുറത്തിറക്കിയത് പാര്‍ട്ടിയില്‍ സിദ്ദു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി.ദളിത് വോട്ടുബാങ്ക് ലക്ഷ്യം വച്ച് ചന്നിയെ നിലനിര്‍ത്തുമ്പോള്‍ സിദ്ദുവിന്റെ ജാട്ട് സിഖ് വിഭാഗം ഇടയുമോ എന്നതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. അതേസമയം എഐസിസി നടത്തിയ സര്‍വേയിലും 68.7 ശതമാനം പ്രവര്‍ത്തകരുടെ പിന്തുണ ചന്നിക്കുണ്ട്. 

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഏക ഇടം എന്ന നിലയില്‍ പഞ്ചാബില്‍ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2017 ൽ 77 സീറ്റുകൾ നേടിയായിരുന്നു ശിരോമണി അകാലിദൾ ‑ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കി ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. അഞ്ച് വർഷങ്ങൾക്കിപ്പുറം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടേ മാറി. മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലെത്തിയതിന്റെ ക്ഷീണം പാര്‍ട്ടിക്ക് മാറിയിട്ടില്ല.
രണ്ട് തവണ എംപി ആയ ഭാഗവത് മൻ ആണ് പഞ്ചാബിലെ ആം അദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ജാട്ട് സിഖുകാരനായ ഇദ്ദേഹത്തിന്റെ സമുദായപിന്തുണ ഉറപ്പാക്കുകയും എഎപിയുടെ പ്രഖ്യാപനത്തിന്റെ പിന്നിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നും അകാലിദളിന് 37 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 30 ശതമാനം എഎപിക്കായിരുന്നു ലഭിച്ചത്. സുഖ്‌വീര്‍ സിങ് ബാദലാണ് അകാലിദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിജെപിക്ക് അമരീന്ദറിന്റെ സഹായി എന്നതിലധികം പഞ്ചാബില്‍ പ്രാധാന്യമില്ല.
eng­lish summary;Congress in cri­sis in Punjab
you may also like this video;

Exit mobile version