കേരളത്തിലെ കോൺഗ്രസിന് വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മലപ്പുറം പ്രസ് ക്ലബിൽ നടന്ന മീറ്റ് ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനു നേർക്ക് വെടിയുതിര്‍ക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അജ്ഞത മൂലമാണ്. ലീഗിന്റെ കൊടി പിടിച്ചാൽ ഉത്തരേന്ത്യയിൽ ബിജെപിക്ക് ഇഷ്ടമാകില്ലെന്ന് ഭയക്കുന്നതുകൊണ്ടാണ് കോൺഗ്രസും ലീഗും വയനാട്ടിൽ പതാകയെ പണയം വച്ചിരിക്കുന്നത്. കൊടി ഇല്ലെന്നാൽ ആശയമില്ലെന്ന സത്യം സാധാരണ ലീഗ്-കോൺഗ്രസ് പ്രവർത്തകർക്കറിയാം. അസംതൃപ്തരായ യുഡിഎഫ് പ്രവർത്തകർ എൽഡിഎഫിന് വോട്ട് ചെയ്യും. സാധാരണ പ്രവർത്തകരുടെ ആശയപരമായ ഔന്നത്യത്തിലേക്ക് ഉയരാൻ ലീഗ് നേതൃത്വം തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഹുൽ ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ഉൾക്കൊള്ളുന്നില്ല. ഇടതുപക്ഷമല്ല ആർഎസ്എസാണ് മുഖ്യ എതിരാളികളെന്ന് പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറാകണം. രാഹുലിന്റെ ആശയക്കുഴപ്പത്തിന് കാരണം കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ്. അവർ അദ്ദേഹത്തെ വഴിതെറ്റിക്കുന്നു. കേന്ദ്രത്തിൽ തൂക്കുസഭ വന്നാൽ കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം അറിയാം. ബിജെപിക്കെതിരായ നിലപാടിന്റെ ഇടതുപക്ഷ ഗ്യാരന്റി കോൺഗ്രസിന് നൽകാൻ കഴിയുന്നില്ല.
ഇടതുപക്ഷത്തോടുള്ള വിയോജിപ്പിൽ നരേന്ദ്ര മോഡിക്കും രാഹുലിനും ഒരേ സ്വരമാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നൽകിയ പരസ്യം പ്രസിദ്ധീകരിച്ച പത്രം കത്തിച്ചത് യുഡിഎഫിന്റെ പരാജയഭീതി മൂലമാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമായ സന്ദർഭത്തിൽ യുഡിഎഫിനും ബിജെപിക്കും വിറളിയാണ്. സർവേകൾ പണം നൽകുന്നവർക്കായി സൃഷ്ടിക്കപ്പെടുന്നതാണ്. അതെല്ലാം ജനം തള്ളിക്കളയുമെന്ന് ഉറപ്പാണ്. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നണി ഒറ്റക്കെട്ടായി ജീവൻ മരണ പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary:Congress in Kerala has no knowledge of national politics: Binoy Viswam
You may also like this video