Site iconSite icon Janayugom Online

പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയില്‍;ഹൈക്കമാന്‍ഡ് പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല, നേതാക്കളടക്കം നിരാശയില്‍

അധികാരമുണ്ടായിരുന്ന പഞ്ചാബ് കൂടി നഷ്ടമായതോടോ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധയിലാണ്. പഞ്ചാബിലെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ ഉണ്ടാകാത്തതില്‍ പാര്‍ട്ടിനേതാക്കളിലും,അണികളിലും അമര്‍ഷം ഏറുകയാണ്.പഞ്ചാബില്‍ പുതിയ അധ്യക്ഷനെ അടക്കം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ടതുണ്ട്. 

എന്നാല്‍ ഇതുവരെ അതൊന്നും ഉണ്ടായിട്ടില്ല. സിദ്ദു ക്യാമ്പ് പ്രതിപക്ഷ നേതൃ സ്ഥാനം പിടിക്കാനും സംസ്ഥാന അധ്യക്ഷ പദവിക്കായും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിദ്ദുവിനെ നേരത്തെ തന്നെ സോണിയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തരെ പരിഗണിക്കുമോ എന്ന് കണ്ടറിയണം.

ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ക്യാമ്പ് ഇനിയൊരു തിരിച്ചുവരവില്ലെന്ന് കരുതുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പ്രതിപക്ഷ നേതാവിനെ പോലും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഗൗരവമേറിയ കാര്യം. ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ രവനീത് സിംഗ് ബിട്ടു എംപി ബിജെപിയിലേക്ക് പോകുന്നതായി വാര്‍ത്തവരുന്നു.ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവാണ് 

എഎപിയുടെ ജയത്തിന് പിന്നാലെ നിശബ്ദമായിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ്. എന്നാല്‍ യോഗത്തെ കുറിച്ച് കൂടുതല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട എന്നാണ് ദില്ലിയിലെ നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി അടക്കം തോല്‍വിക്ക് ശേഷം നിശബ്ദനാണ്. ഹൈക്കമാന്‍ഡിനും വ്യക്തത വന്നിട്ടില്ല.ബിട്ടു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് വിടാനുള്ള നീക്കമാണ് ബിട്ടു നടത്തുന്നതെന്നാണ് സൂചന.

പഞ്ചാബ് കോണ്‍ഗ്രസ് ആകെ തമ്മിലടിയില്‍ തകര്‍ന്ന് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷവും അതിന് മാറ്റം വന്നിട്ടില്ല. സിദ്ദു ക്യാമ്പ് അധികാരം പിടിക്കാന്‍ അടക്കം നടത്തുന്ന നീക്കങ്ങള്‍ പല നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിട്ടു കളം മാറാന്‍ ഒരുങ്ങുന്നത്. പല സീനിയര്‍ നേതാക്കളും കോണ്‍ഗ്രസില്‍ നിരാശയിലാണ്. ഇവരും ഇതേ വഴി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഹിന്ദു മുഖമായിട്ടാണ് കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ മുത്തശ്ശനാണ് മുമ്പ് കൊല്ലപ്പെട്ട മുഖ്യമന്ത്രി ബിയാന്‍ സിംഗ്.

അതേസമയം മോഡിയുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ ബിട്ടു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇതുവരെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പഞ്ചാബ് കോണ്‍ഗ്രസിലെ തന്നെ ഏറ്റവും പ്രമുഖ എംപിയാണ് ബിട്ടു. അദ്ദേഹം പാര്‍ട്ടി വിടുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്ന് ഉറപ്പാണ്. 

ഇതുവരെ ഹൈക്കമാന്‍ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തതുമെല്ലാം വൈകാതെ തന്നെ നേതൃത്വത്തെ മൊത്തത്തില്‍ ബാധിക്കാനാണ് സാധ്യത.എന്നാല്‍ പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയെ കണ്ടതെന്നാണ് ബിട്ടുവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിട്ടു ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്ന വാദങ്ങളെ ഇവര്‍ തള്ളി. ആംആദ്മി പാര്‍ട്ടിയുമായി പോരാടണമെന്നാണ് ബിട്ടുവിനോട് മോഡിനിര്‍ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നു. 

Eng­lish Summary:Congress in Pun­jab in cri­sis again; High Com­mand not inter­ven­ing in issues

You may also like this video:

Exit mobile version