Site iconSite icon Janayugom Online

കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ: ബിനോയ് വിശ്വം

binoy viswambinoy viswam

കേരളത്തിലെ കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ പറന്നു നടക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യശത്രു ആരെന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസുകാർ. ബിജെപിയെ അവരുടെ പാളയത്തിൽ ചെന്ന് നേരിടാൻ ധെെര്യമില്ലാതെ രാഹുൽഗാന്ധിയും പിന്നീടിപ്പോൾ പ്രിയങ്കയും കേരളത്തിലെത്തി ഇടതുപക്ഷത്തെ നേരിടാൻ ഒരുങ്ങുന്നു. ബിജെപിയെ ഭയന്ന് വടക്കേ ഇന്ത്യയിൽ നിന്ന് വയനാട്ടിലെത്തിയ ജ്യേഷ്ഠന്‍ ഒരാഴ്ച കഴിഞ്ഞപ്പോൾ സ്ഥലം വിട്ടു. പിന്നാലെ അനുജത്തിയെ പറഞ്ഞു വിട്ടിരിക്കുകയാണ്. പ്രാണൻ കൊടുത്തും ആർഎസ്എസിനെയും ബിജെപിയെയും നേരിടാൻ ചങ്കൂറ്റമുള്ളവർ കമ്മ്യൂണിസ്റ്റുകാർ മാത്രമാണെന്ന യാഥാർത്ഥ്യം മറന്നാണ് അവർ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്നും ബിനോയ് ചൂണ്ടിക്കാട്ടി. 

മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും കോൺഗ്രസ് ഇപ്പാേൾ ഇല്ല. ഗാന്ധി ആരാധിച്ചത് വാത്മീകിയുടെ രാമനെയാണെങ്കിൽ ഇപ്പാേൾ ബിജെപി നേതാക്കൾ ഗോഡ്സെയുടെ രാമനെയാണ് ആരാധിക്കുന്നത്. അവരങ്ങനെ ചെയ്യുന്നതിൽ ഒട്ടും വിഷമം കാണിക്കുന്നില്ല ഇവിടുത്തെ കോൺഗ്രസുകാർ. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദിക്കാനും തയ്യാറാകുന്നില്ല. കുറെക്കാലം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച ഡോ. സരിൻ ആ യാഥാർത്ഥ്യമെല്ലാം ഉൾക്കൊണ്ടാണ് എൽഡിഎഫിന്റെ കൊടി പിടിക്കാനെത്തിയത്. രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ നിമിഷം സരിന്റെ ഹൃദയത്തിൽ എക്കാലവും ഉണ്ടാകും. അദ്ദേഹത്തിന് പിൻബലമേകാൻ എൽഡിഎഫിന്റെ പടയാളികളും കൂടെയുണ്ടാകും. 

രാജ്യസഭയിൽ ബിജെപിക്ക് അംഗബലം കൂട്ടാനാണ് ഒരു കോൺഗ്രസ് നേതാവ് അവിടെ നിന്ന് രാജ്യസഭാ സീറ്റൊഴിഞ്ഞ് കേരളത്തിൽ വന്ന് മത്സരിച്ചത്. രാജിവച്ച സീറ്റ് ബിജെപി തട്ടിയെടുക്കുകയും ചെയ്തു. ഇന്ത്യ സഖ്യം എന്ന മുന്നണിയുടെ അന്തസത്ത ഉൾക്കൊള്ളാതെ കോൺഗ്രസ് മത്സരിച്ചതിനാലാണ് ഹരിയാന ബിജെപി പിടിച്ചത്. നെഹ്രുവിന്റെയും ഗാന്ധിജിയുടെയും പാരമ്പര്യം മുറുകെ പിടിക്കണമെന്ന ഉറച്ച ചിന്തയുള്ള കോൺഗ്രസുകാരെല്ലാം ഡോ. സരിൻ മുന്നാേട്ടുവയ്ക്കുന്ന ആശയത്തോടൊപ്പം ചേർന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version