സംസ്ഥാനത്തെ കോണ്‍ഗ്രസ് സമാനതകളില്ലാത്ത അന്തഃഛിദ്രത്തിലേക്ക്. പാരവയ്പും പാലംവലിയും കാലുവാരലുകളും കോണ്‍ഗ്രസിന്റെ തനതു രീതിശാസ്ത്രമാണെങ്കിലും പരസ്പരം വാരിക്കുഴികള്‍ തീര്‍ത്ത് മുന്നേറുന്നത് ഇതാദ്യം. സംഘടനാ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ മൂര്‍ധന്യത്തിലെത്തി നില്‍ക്കെ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന അത്യന്തം ഗുരുതരമായ ആരോപണം സതീശന്‍ തന്നെ ഉന്നയിച്ചത് കോണ്‍ഗ്രസിലെ പോര്‍വിളിയുടെ കനത്ത ആഘാതത്തിന്റെ സൂചനയായി. സതീശനെതിരെ പടനീക്കം എന്ന വാര്‍ത്ത പുറത്തുവിട്ടത് കോണ്‍ഗ്രസ് നേതാക്കളാണെന്നും അതിനുപിന്നാലെയായിരുന്നു വിജിലന്‍സ് അന്വേഷണ പ്രഖ്യാപനമെന്നും അദ്ദേഹം ആരോപിക്കുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധവും രാജിപ്രവാഹവും തുടരുന്നുണ്ട്. പുനഃസംഘടന റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും പ്രതിസ്ഥാനത്തുനിര്‍ത്തി കോണ്‍ഗ്രസ് മാടായി മണ്ഡലം ജനറല്‍ സെക്രട്ടറി ഇന്നലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും പരസ്പരം വാരിക്കുഴികള്‍ തീര്‍ക്കുന്നതിന് മറ്റൊരു ഉദാഹരണമായി.
സുധാകരനും സതീശനും ഒത്തുചേര്‍ന്ന് പുതിയൊരു ഗ്രൂപ്പുണ്ടാക്കുകയും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പുതിയ ഗ്രൂപ്പിന്റെ മിശിഹയാവുകയും ചെയ്തതോടെയാണ് സംസ്ഥാന കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ രൂക്ഷമായതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതോടെ പരസ്പരം കടിച്ചുകീറി നിന്ന എ, ഐ ഗ്രൂപ്പുകള്‍ ഒരു കുടക്കീഴില്‍ അണിനിരന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതോടെ വീരപരിവേഷം ചാര്‍ത്തിക്കിട്ടിയ ശശിതരൂരിനെ ഒപ്പം നിര്‍ത്തിയാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. പൊതുവെ നിഷ്പക്ഷനെന്ന് അവകാശപ്പെടുന്ന കെ മുരളീധരന്റെ അനുഗ്രഹാശിസും സുധാകരന്‍ ത്രയത്തിനെതിരെയാണ്.
ചികിത്സയില്‍ ബംഗളൂരുവില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു എ ഗ്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും. അദ്ദേഹം രംഗംവിട്ടതോടെ നേതൃകാര്യത്തില്‍ അനാഥമായ എ ഗ്രൂപ്പിന്റെ പുനരുജ്ജീവനത്തിനും ഇപ്പോഴത്തെ കൂട്ടപ്പൊരിച്ചില്‍ സഹായകമായി. ഗ്രൂപ്പിന്റെ തലപ്പത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം എം ഹസനും കെ സി ജോസഫുമുണ്ട്. ജില്ലകളിലേക്ക് വികേന്ദ്രീകരിച്ച് പഴയ ശക്തി വീണ്ടെടുക്കാനാണ് എ ഗ്രൂപ്പിന്റെ പദ്ധതി. പുതിയ സുധാകരന്‍, സതീശന്‍, വേണുഗോപാല്‍ മുക്കാലി ഗ്രൂപ്പ് വന്നിട്ടും ഐ ഗ്രൂപ്പ് എ ഗ്രൂപ്പുമായി ഐക്യത്തിലായതോടെ സുധാകരന്‍ ത്രയം ഒരു അരക്കിലകപ്പെട്ട പ്രതീതിയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലേക്കുള്ള ആസന്നമായ തെരഞ്ഞെടുപ്പിലായിരിക്കും ഗ്രൂപ്പുകളുടെ ശക്തിപരീക്ഷണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തെ തെരഞ്ഞെടുക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ ആലോചന. രാഹുല്‍ അല്ലെങ്കില്‍ കെ എ അഭിജിത്തിനാവും നറുക്ക് വീഴുക.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സുധാകരന്‍ ഗ്രൂപ്പിന്റെ പ്രസക്തി മങ്ങും. തോല്‍വി മുന്നില്‍ക്കണ്ട് സമവായത്തിലെത്താന്‍ കെ സുധാകരന്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചയും അലസി. ചര്‍ച്ചകഴിഞ്ഞുവന്ന രമേശ് ചെന്നിത്തലയും ഹസനും സുധാകരനെയും സതീശനെയും പരിഹസിച്ചു നടത്തിയ പ്രതികരണങ്ങളും ശ്രദ്ധേയമായി. പ്രശ്നങ്ങള്‍ ഹെെക്കമാന്‍ഡ് തീര്‍ക്കട്ടെ എന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രശ്നങ്ങള്‍ കേരളത്തില്‍ത്തന്നെ തീര്‍ക്കട്ടെ എന്ന കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെയുടെ നിലപാട് കൂടിയായപ്പോള്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്ന സ്ഥിതിയും.
English Summary:Congress is picking on each other
You may also like this video