Site iconSite icon Janayugom Online

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമം

2024 ലെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ ഐക്യം ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്ക് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് തുടക്കം കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രിയും ആര്‍ജെഡി ചെയര്‍പേഴ്‌സണുമായ തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തി. പാര്‍ലമെന്റിനകത്ത് സര്‍ക്കാരിനെതിരെ ഐക്യത്തോടെ പ്രതിരോധം സൃഷ്ടിക്കുന്ന പ്രതിപക്ഷം പ്രാദേശിക താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി സഭയ്ക്ക് പുറത്ത് ഐക്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ വിമുഖത പുലര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നതെന്നത് ശ്രദ്ധേയമാണ്.

ജെഡിയു അധ്യക്ഷന്‍ രാജീവ് രഞ്ചന്‍ സിങ്, ആര്‍ജെഡി രാജ്യസഭാംഗം മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പങ്കെടുത്തു. ചരിത്രപരമായ നീക്കമെന്നാണ് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍, എന്‍സിപി, ആംആദ്മി, ബിആര്‍എസ് തുടങ്ങിയ കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ക്ക് യോഗം നിതീഷ് കുമാറിനെ ചുമതലപ്പെടുത്തി.

സമവായം രൂപപ്പെടുന്ന മുറയ്ക്ക് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി വിശാലമായ യോഗം വിളിച്ചു ചേര്‍ക്കാനും ബിജെപിക്കെതിരെ ശക്തമായ നീക്കത്തിനുമാണ് പരിപാടി. പ്രതിപക്ഷ ഐക്യത്തിന് പൊതുവേ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും അത് കോണ്‍ഗ്രസിനു പിന്നിലെ അണി ചേരലാകരുതെന്ന അഭിപ്രായം വിവിധ പാര്‍ട്ടികള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാറിനെ മുന്നിനിര്‍ത്തി പ്രതിപക്ഷ ഐക്യം സാധ്യമാക്കാനുള്ള കോണ്‍ഗ്രസിന്റെ പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: Con­gress is try­ing to unite the opposition
You may also like this video

Exit mobile version