Site iconSite icon Janayugom Online

തലസ്ഥാനം കൊച്ചി: ഹൈബിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും

സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും ശശി തരൂർ എംപി പറഞ്ഞു.

ഹൈബിയുടെ ലോജിക് ആണെങ്കിൽ ഡൽഹി അല്ല, നാഗ്പൂർ രാജ്യത്തിന്റെ തലസ്ഥാനമാകണമെന്നും തരൂർ പറഞ്ഞു. ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഹൈബി ഈഡന്റേത് കോൺഗ്രസിന്റെ നിലപാടല്ല. പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് ഹൈബിയെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വവുമായി ആലോചിക്കാതെ സ്വകാര്യ ബില്‍ അവതരിപ്പിച്ച ഹൈബി ഈഡന്‍ എംപിയുടെ നടപടി ശരിയായില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, അടൂര്‍ പ്രകാശ് എംപി, കെ എസ് ശബരീനാഥന്‍ എന്നിവരും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.

അപ്രായോഗികമായ ആവശ്യമാണ് ഹൈബി ഉന്നയിച്ചതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെല്ലാം വിഷയത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: con­gress lead­ers against hibi eden mp demand
You may also like this video

Exit mobile version