Site iconSite icon Janayugom Online

‘കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു’; ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

വയനാട്ടില്‍ ജീവനൊടുക്കിയ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് കത്തില്‍ ജോസ് ആരോപിക്കുന്നു. കുറിപ്പിൽ മൂന്ന് നേതാക്കളുടെ പേരുണ്ടെന്നാണ് സൂചന. കൈ ഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടിയ നിലയിലായിരുന്നു ജോസ് നെല്ലേടത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് കാരണമായത് പുല്ല് കരിക്കാന്‍ ഉപയോഗിക്കുന്നതരത്തിലുള്ള കീടനാശിനിയാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. കൈ മുറിച്ചിട്ടുണ്ടെങ്കിലും രക്തധമനി മുറിഞ്ഞിട്ടില്ല. കുളത്തില്‍ ചാടിയപ്പോള്‍ വയറില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പുൽപള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് കാനാട്ടുമല തങ്കച്ചൻ കള്ളക്കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ജോസിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തങ്കച്ചനെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ സഹായിച്ചവരിൽ ജോസിൻ്റെ പേരും തങ്കച്ചൻ ആരോപിച്ചിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷം ജോസ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ മാസം 22ന് രാത്രിയാണ് തങ്കച്ചൻ്റെ വീട്ടിലെ കാർപോർച്ചിൽ നിന്ന് കർണാടക മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. തുടർന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഭർത്താവ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തങ്കച്ചൻ്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു. 

Exit mobile version