Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് നടക്കില്ലെന്നു കോൺഗ്രസ് നേതാക്കൾ: കണക്കുകൂട്ടൽ തെറ്റിച്ചു ചന്ദ്രശേഖരൻ വീണ്ടും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്

കെ പി സി സി പ്രസിഡന്റു കെ സുധാകരന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മുന്നറിയിപ്പുകൾക്ക് പുല്ലു വില കൽപ്പിച്ചു ആർ ചന്ദ്രശേഖരൻ ഐ എൻ ടി യൂ സി തെരഞ്ഞെടുപ്പ് നടത്തി. എ ഗ്രൂപ്പടക്കം ഒന്നിച്ചുനിന്ന് ചന്ദ്രശേഖരന് തടയിടാൻ നോക്കിയെങ്കിലും ജില്ലകളിൽ അപ്രമാദിത്തം പുലർത്തിയ ചന്ദ്രശേഖരൻ ഒരിക്കൽക്കൂടി സംഘടനയിൽ താനാണ് അവസാനവാക്കെന്ന് തെളിയിച്ചു .ഇതോടെ സുധാകരൻ വന്നപ്പോൾ പതുങ്ങി പോയ പഴയ ഐകാർക്ക് ഒന്നിച്ചുചേരാൻ വഴിയൊരുങ്ങുകയാണെന്ന് കോൺഗ്രസിൽ അടക്കം പറച്ചിൽ തുടങ്ങിയിട്ടുണ്ട് .

തുടർച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരൻ ഐ എൻ ടി യു സി സംസ്‌ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. സംസ്‌ഥാന റിട്ടേണിംഗ് ഓഫീസർ വി.ആർ. ജഗന്നാഥനാണ് ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007 ലാണ് ആർ. ചന്ദ്രശേഖരനെ സംസ്‌ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്. തുടർന്ന് 2012 ലും 2016 ലും നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സി പി ഐ (എം )സമ്മേന ങ്ങൾ അടക്കം നടക്കുമ്പോൾ ഐ എൻ ടി യു സി സമ്മേളനം നടക്കില്ലെന്ന കോൺഗ്രസ് നേതാക്കളുടെ വാക്ക് തള്ളിയാണ് തിരഞ്ഞെടുപ്പ് നടന്നത് ‚എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സി.ഐ. ടി യു സംസ്‌ഥാന സെക്രട്ടറി എളമരം കരിം, എ.ഐ.ടി.യു.സി സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ എന്നിവർ ടെലഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി ആർ ചന്ദ്രശേഖരൻ പറഞ്ഞു.

സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ ആകെ 25 നാമനിർദേശ പത്രികകളാണ് വിതരണം ചെയ്തിരുന്നത്. 23 പത്രികകൾ സമർപ്പിക്കപ്പെട്ടു. ആർ ചന്ദ്രശേഖരന് വേണ്ടി 14 ജില്ലാ കമ്മിറ്റികളും 7 വ്യക്തികളും ചേർന്ന് 21 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു. ചന്ദ്രശേഖരന് വേണ്ടി സമർപ്പിക്കപ്പെട്ട 2 നാമനിർദേശ പത്രികകളും കെ.കെ. ധർമ്മരാജന് വേണ്ടി സമർപ്പിക്കപ്പെട്ട 2 നാമനിർദേശ പത്രികകളും സൂക്ഷ്മ പരിശോധനയിൽ തള്ളയതിനെ തുടർന്നാണ് ആർ. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

2020 മാർച്ചിലാണ്‌ തെരഞ്ഞെടുപ്പ് ഷെഡ്യുൾ ചെയ്തിരുന്നെങ്കിലും കോവിഡിനെ തുടർന്നാണ് നീണ്ടു പോയത്. ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 472 യൂണിയനുകളിൽ ഓരോ യൂണിയനിൽ നിന്നും 100 പേർക്ക് ഒരു പ്രതിനിധി എന്ന കണക്കിൽ ജില്ലാ പ്രതിനിധികളെ തെരഞ്ഞെടുത്ത് അവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മാതൃകയാക്കാവുന്ന തരത്തിലാണ് ഐ എൻ ടി യു സി സംസ്‌ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതെന്നും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സ്‌ഥിരം ജോലി ഇല്ലാതാക്കുന്നതിനെതിരെയും പൊതുമേഖലാ സ്‌ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. 

ENGLISH SUMMARY:Congress lead­ers say elec­tions will not be held: Chan­drasekha­ran re-elect­ed INTUC state president
You may also like this video

Exit mobile version