കര്‍ണാടക സംസ്ഥാനം വിഭജിച്ച് മറ്റൊരു സംസ്ഥാനം കൂടി രൂപീകരിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നോര്‍ത്ത് കര്‍ണാടകയിലെ 15 ജില്ലകള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കണം എന്നാണ് ആവശ്യം. കോണ്‍ഗ്രസ് എംഎല്‍എ ഭരംഗൗഡ എന്ന രാജു കാഗെ ആണ് വിഷയം വീണ്ടും എടുത്തിട്ടത്. നേരത്തെ നോര്‍ത്ത് കര്‍ണാടകയിലെ ബിജെപി നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് രാജു കാഗെ കത്തയച്ചു. വികസനമില്ലായ്മയും പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടായണ് മേഖലയിലെ രാഷ്ട്രീയ‑സാംസ്‌കാരിക നേതാക്കള്‍ പുതിയ സംസ്ഥാനം ആവശ്യപ്പെടുന്നത്. നോര്‍ത്ത് കര്‍ണാടക സമര സമിതി പുതിയ സംസ്ഥാനം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിവരികയാണ്. അതിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് എംഎല്‍എ പ്രഖ്യാപിച്ചു. കഗ്‌വാഡ് എംഎല്‍എയും നോര്‍ത്ത് വെസ്‌റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ചെയര്‍മാനും കൂടിയാണ് രാജു കാഗെ.
ബിദാര്‍, കലബുര്‍ഗി, വിജയപുര, യദ്ഗിര്‍, ബാഗല്‍കോട്ട്, ബെലഗാവി, ധര്‍വാഡ്, ഗഡക്, കൊപ്പല്‍, റയാച്ചൂര്‍, ഉത്തര കന്നഡ, ഹാവേരി, വിജയനഗര, ബല്ലാരി, ദേവനഗര തുടങ്ങി 15 ജില്ലകള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം വേണം എന്നാണ് മേഖലയിലെ ആവശ്യം. മേഖലയില്‍ വികസനം ഇല്ലാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. മാത്രമല്ല, മതിയായ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഭീഷണി മുഴക്കി. പുതിയ സംസ്ഥാനം രൂപീകരിച്ചാല്‍ കന്നഡ സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ നിലവില്‍ വരുമെന്നും രാജു കാഗെ പറയുന്നു.

