മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്മാരകം പണിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡാനിഷ് അലി. പ്രണബ് മുഖര്‍ജിയുടെ സംഘപരിവാര്‍ പ്രേമത്തിനുള്ള സമ്മാനമാണ് സ്മാകരമെന്ന് അംറോഹ എംപി കൂടിയായ ഡാനിഷ് അളി എക്സില്‍ കുറിച്ചു. മരണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
രാജ്ഘട്ടില്‍ മന്‍മോഹന്‍ സിങ്ങിന് സ്മൃതിമണ്ഡപം വേണമെന്ന രാജ്യത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിക്ക് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചു. അത് തരംതാണ രാഷ്ട്രീയവും, രാജ്യത്ത് സാമ്പത്തിക വിപ്ലവം സാധ്യമാക്കിയ പ്രധാനമന്ത്രിയോടുള്ള അവഹേളനവുമാണ്.പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് തലകുമ്പിട്ടു.പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നും ഡാനിഷ് അലി കുറിച്ചു.
രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിന് ശേഷം പ്രണബ് മുഖര്‍ജി നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തിരുന്നു. മതത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും അസഹിഷ്ണുതയുടേയും പേരില്‍ ഇന്ത്യയെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു അന്ന് അദ്ദേഹം പരിപാടിയില്‍ പ്രസംഗിച്ചത്.
ചടങ്ങിനെത്തുംമുമ്പ് ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി. ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ച അദ്ദേഹം, ഇന്ന് ഞാന്‍ ഇവിടെ വന്നത് ഭാരതാംബയുടെ മഹാനായ പുത്രന് എന്റെ ആദരമര്‍പ്പിക്കാനാണ്’ എന്ന് സന്ദര്‍ശകപുസ്തകത്തില്‍ എഴുതിയിരുന്നു. രാജ്ഘട്ട് കോംപ്ലക്‌സിലെ രാഷ്ട്രീയ സ്മൃതി സ്ഥലിലാണ് പ്രണബ് മുഖര്‍ജിക്ക് സ്മൃതിമണ്ഡപം നിര്‍മിക്കാന്‍ കേന്ദ്രം സ്ഥലം അനുവദിച്ചത്. സ്മൃതിമണ്ഡപമൊരുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു.