കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലും അലയടികൾ കണ്ടു തുടങ്ങി. പാർട്ടി പിടിക്കാൻ എ, ഐ ഗ്രൂപ്പുകളും, സുധാകരൻ-സതീശൻ അച്ചുതണ്ടും അണിയറയിൽ നീക്കങ്ങൾ ആരംഭിച്ചു. സുധാകരൻ-സതീശൻ ഗ്രൂപ്പിന് എഐസിസിസ സംഘടനാ ജനറൽസെക്രട്ടറി കെ. സി വേണുഗോപാലിൻറെ പിന്തുണയും ഉണ്ട്. സെമി കേഡർ എന്നു പ്രഖ്യാപിച്ച് എതിർ ശബ്ദങ്ങളെ ഒതുക്കി പാർട്ടി പിടിക്കാനുള്ള നീക്കം സുധാകരൻ നടത്തുന്നതിനാൽ, പരസ്പരം മത്സരിക്കാതെ ഒന്നായി നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം.പാർട്ടിയിൽ ഗ്രൂപ്പില്ലാതാക്കുമെന്നു പുതിയ നേതൃത്വം പ്രഖ്യാപിച്ചതോടെ പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരിൽ ചിലർ മറുകണ്ടം ചാടിയിരുന്നു. കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സംഘടനാ തിരഞ്ഞെടുപ്പിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കു താൻ സ്ഥാനാർഥിയായിരിക്കും എന്നു സുധാകരൻ വ്യക്തമാക്കിയതോടെ ഇപ്പോൾ പാർട്ടിയിൽ സംഘടനാ രംഗത്ത് നടക്കുന്ന എല്ലാ നീക്കങ്ങളേയും സംശയ ദൃഷ്ടിയോടെയാണ് ഇരു ഗ്രൂപ്പുകളും വീക്ഷിക്കുന്നത്. അടിത്തട്ടിൽ രൂപവത്കരിച്ച യൂനിറ്റ് കമ്മിറ്റികൾ മുതൽ എല്ലാ പുനസ്സംഘടനയിലും സുധാകരന്റെ മേൽക്കോയ്മ അംഗീകരിപ്പിക്കുന്ന നീക്കമാണ് നടക്കുന്നതെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. എ, ഐ ഗ്രൂപ്പുകൾ സുധാകരനെതിരെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇതിനായി ജില്ലതിരിച്ച് ചുമതല നൽകി അംഗത്വവിതരണ ഘട്ടം മുതൽ കരുക്കൾ നീക്കും.
ഓൺലൈനായും അംഗങ്ങളെ ചേർക്കാം. ബ്ലോക്ക് തലത്തിൽ നിന്നാണ് കെ പി സി സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അതിൽ കേന്ദ്രീകരിച്ചാകും ഇരു ഗ്രൂപ്പുകളും ചേർന്ന് പ്രവർത്തനം ഏകോപിപ്പിക്കുക. 280 കെ പി സി സി അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ആദ്യം എ ഗ്രൂപ്പ് കെ. സി ജോസഫിനെ കെപിസിസി പ്രസിഡൻറായി മത്സരിപ്പിക്കാനാണ് ശ്രമിച്ചിരുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി ഉമ്മൻചാണ്ടി അന്നു പിന്തുണച്ചത് തൻറെ വലംകൈയായ കെ. സി ജോസഫിനെ കെപിസിസി അദ്ധ്യക്ഷനാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു. കെ സി ക്ക് ഉമ്മൻചാണ്ടി നൽകുന്ന അമിത വിശ്വാസത്തിലും, പ്രാധാന്യത്തിലും പ്രതിഷേധിച്ചാണ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എ ഗ്രൂപ്പു വിടുവാനുള്ള കാരണമെന്നും ഗ്രൂപ്പിൽ തന്നെ അഭിപ്രായം ശക്തമാണ്. സുധാകരൻ കെപിസിസി പ്രസിഡൻറായി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെ. സി ജോസഫ് പിൻമാറി സുധാകരനെതിരേ രമേശ് ചെന്നിത്തലയെ മത്സരിപ്പിക്കാൻ ഗ്രൂപ്പുകൾ തത്ത്വത്തിൽ തൂരുമാനിച്ചിരിക്കുന്നു. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലയെ പ്രസിഡന്റായി മത്സരിപ്പിക്കാൻ തയ്യാറാണെന്നു അടുത്ത വൃത്തങ്ങൾ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സുധാകരൻ തുടരുന്ന പുനസ്സംഘടനാ നിർത്തിവക്കണമെന്ന ആവശ്യം ഗ്രൂപ്പുകൾ സംയുക്തമായി മുന്നോട്ട് വച്ചിരുന്നു. ബൂത്ത് തലം മുതൽ അംഗത്വ വിതരണം നടപ്പാക്കി പൂർണതോതിലുള്ള സംഘടനാ തിരഞ്ഞെടുപ്പിനാണു പ്രവർത്തക സമിതി തുടക്കമിട്ടത്. തിരഞ്ഞെടുപ്പ് നടപടികൾ എട്ടുമാസം നീളും. അഞ്ചു വർഷമായിരുന്നു തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയുടെ കാലാവധി. പുനസ്സംഘടനയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെ സുധാകരൻ പിന്നീട് നിലപാട് മാറ്റി ഹൈക്കമാൻഡിന്റെ അംഗീകാരമുണ്ടെന്നും പുനസ്സംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത് ആസൂത്രിത നീക്കമായാണ് ഗ്രൂപ്പുകൾ കാണുന്നത്. ഇരു ഗ്രൂപ്പുകളുടേയും ശക്തമായ എതിർപ്പിനെ മറകടന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനസ്സംഘടനയുമായും യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണവുമായും മുന്നോട്ടുപോകാൻ കെ പി സി സി നിർവാഹക സമിതി യോഗം തീരുമാനിച്ചത്.
ഇതുകൂടി വായിക്കാം;ഒറ്റയാനെപ്പോലുള്ള സുധാകരന്റെ ചവിട്ടിമെതിക്കൽ നടക്കില്ലെന്ന് ഗ്രൂപ്പുകൾ
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നാമനിർദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പുനസ്സംഘടന വേണ്ടെന്ന വാദം ഗ്രൂപ്പുകൾ ഉയർത്തിയപ്പോൾ കെ സുധാകരൻ തന്റെ പദവി ഉപയോഗിച്ച് അത്തരം ചർച്ചകൾ ആവശ്യമില്ലെന്നു പ്രഖ്യാപിച്ചു മുന്നോട്ടു പോവുകയായിരുന്നു. ഇപ്പോൾ ഭാരവാഹികളെ നാമനിർദേശം ചെയ്യുന്നത് പ്രവർത്തകരുടെ പിന്തുണയുള്ളവർ സ്ഥാനങ്ങളിലേക്ക് വരുന്നതിന് തടസമാകുമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ വാദം. സംഘടനാ സംവിധാനം പലയിടത്തും ദുർബലമായതിനാൽ പുനസ്സംഘടന അനിവാര്യമാണെന്ന് സുധാകരൻ വാദിക്കുന്നുകോൺഗ്രസ് യൂനിറ്റ് കമ്മിറ്റികൾ രൂപവത്കരിക്കാനുള്ള പ്രവർത്തനത്തിന് കെ പി സി സി നേതൃത്വം തുടക്കമിട്ടപ്പോൾ മുതൽ പാർട്ടി പിടിക്കാനുള്ള സുധാകരൻ ബ്രിഗേഡിന്റെ നീക്കമാണിതെന്ന് ഗ്രൂപ്പുകൾ വിലയിരുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് ജില്ലകളിലെ ചുമതലക്കാർക്കായി ആഗസ്റ്റ് 26,27 തീയതികളിൽ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ അതീവ രഹസ്യമായി നടത്തിയ പരിശീലനത്തിലേക്കു ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മൂന്നു പേർ സുധാകര പക്ഷത്തുള്ളവരായിരുന്നു. ഗ്രൂപ്പു നേതാക്കളൊന്നും ഇക്കാര്യങ്ങൾ അറിഞ്ഞതുപോലുമില്ല. മൈക്രോ യൂനിറ്റുകളുടെ പ്രവർത്തനത്തിനായി പരിശീലനം നേടിയ 2,500 കേഡർമാരെ നിയോഗിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തേയും സംശയദൃഷ്ടിയോടെയാണ് ഗ്രൂപ്പു നേതൃത്വം വിലയിരുത്തിയത്. വിശാല ഐ ഗ്രൂപ്പിനെ പിളർത്തി കണ്ണൂരിന് പുറത്ത് സ്വാധീനം ഉറപ്പിക്കാനാണ് സുധാകരന്റെ നീക്കം. തിരുവനന്തപുരത്ത് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന വി എസ് ശിവകുമാർ അടക്കം ഗ്രൂപ്പ് മാറിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെ കൂടെ നിർത്തിയുള്ള അട്ടിമറിയാണ് ലക്ഷ്യം. കോഴിക്കോട് മുരളീധരനും ടി സിദ്ദിഖും തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എറണാകുളത്ത് വിഡി സതീശന്റെ പക്ഷം പിടിമുറുക്കും. പാലക്കാട്ടും വിആർ ഗോപീനാഥിന്റെ പിന്തുണയിലാണ് സുധാകര പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പുനഃസംഘടനയിലൂടെ താക്കോൽ ്സ്ഥാനത്ത് വേണ്ടപ്പെട്ടവരെ നിയോഗിക്കാൻ സുധാകരൻ തയ്യാറെടുക്കുന്നുവെന്ന് എ ഐ ഗ്രൂപ്പുകൾ സംശയിക്കുന്നത്. പത്തനംതിട്ടയിലും ആലപ്പുഴയിലും കെസി വേണുഗോപാലിന് വ്യക്തമായ മേൽകൈ ഉണ്ട്. ഇതും സുധാകരന് അനുകൂലമാകും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ പിന്തുണ പത്തനംതിട്ടിയിലും, കെ പി ശ്രീകുമാറിൻറെ പിന്തുണ ആലപ്പുഴയിലും ലഭിക്കുമെന്നും വിലയിരുത്തുന്നു. പഴകുളവും, കെ പി ശ്രീകുമാറും കെ സിയുടെ വിശ്വസ്തൻമാരാണ്. കെപിസിസി സെക്രട്ടറിമാർ പരമാവധി 40 പേരുണ്ടാകും. മുന്നൂറിലേറെ ചെറിയ ജില്ലകളിൽ പരമാവധി മുപ്പത്തിയൊന്നും വലിയ ജില്ലകളിൽ അൻപത്തിയൊന്നും വീതം ഡിസിസി ഭാരവാഹികളെ നിശ്ചയിക്കും. ചെറിയ ജില്ലകളിൽ 15 ജനറൽ സെക്രട്ടറിമാരും 16 നിർവാഹക സമിതിയംഗങ്ങളും വലിയ ജില്ലകളിൽ 25 ജനറൽ സെക്രട്ടറിമാരും 26 നിർവാഹക സമിതിയംഗങ്ങളും വരും.
ഇതുകൂടി വായിക്കാം;കോണ്‍ഗ്രസില്‍ സുധാകരന്റെ യൂണിറ്റ് രൂപീകരണത്തിനെതിരെ ഗ്രൂപ്പുകള്‍
ഡിസിസി പ്രസിഡന്റും ജില്ലയിലെ കെപിസിസി ഭാരവാഹികളുമടങ്ങുന്ന സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പട്ടിക തയാറാക്കണം. ആവശ്യമെങ്കിൽ കെപിസിസി നേതൃത്വം തിരുത്തൽ വരുത്തും. ബ്ലോക്ക് പ്രസിഡന്റുമാരെയും ഒരുമാസത്തിനകം നിശ്ചയിക്കണം. മണ്ഡലം കമ്മറ്റികളും പുനഃസംഘടിപ്പിക്കും. സംഘടനാ തെരഞ്ഞെടുപ്പിന് പുതിയ നേതൃത്വം വരും. ഇവരാകും കാര്യങ്ങൾ നിയന്ത്രിക്കുക. സംഘടനാ തിരഞ്ഞെടുപ്പിന് കാഹളമൊരുങ്ങുമ്പോഴേക്കും കെ സുധാകരനെതിരെ പാർട്ടിയിലെ ചേരി ശക്തമാക്കും. ഇതിനായി വിവിധ ആയുധങ്ങൾ പ്രയോഗിക്കും. കെ പി സി സി യോഗത്തിലെ വിമർശനങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി പറയുന്നതടക്കം സുധാകരൻ പിൻതുടരുന്ന നടപടികളെ ശക്തമായി വിമർശിച്ചായിരിക്കും ഗ്രൂപ്പുകൾ കരുത്തുകാട്ടുക. ഏകാധിപത്യ ശൈലിയാണ് സുധാകരൻ പിൻതുടരുന്നത് എന്നതായിരിക്കും പ്രധാന വിമർശനം. പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ ചർച്ച പോലും അനുവദിക്കുന്നില്ല എന്നതും വിമർശകർക്ക് ജനപിന്തുണയില്ല എന്നതടക്കം സുധാകരൻ മുതിർന്ന നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും ആയുധമാക്കിയാണ് ഗ്രൂപ്പുകൾ നീങ്ങുന്നത്.
english summary; Congress organizational election
you may also like this video;