Site iconSite icon Janayugom Online

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം; തീരുമാനങ്ങളില്ലാതെ നീളുന്നു

രാജ്യത്തെ ഏറ്റവും പഴയ രാഷട്രീയ പ്രസ്ഥാനമെന്നു കോണ്‍ഗ്രസിനെ പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിക്കുമ്പോഴും പാര്‍ട്ടി അധ്യക്ഷനാകുവാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.എന്നാല്‍ അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനുള്ള സമയമായെന്ന് നേതാക്കള്‍ പറയുകാണ്. എന്നാല്‍ അതിനുള്ള ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നു രാഷട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നു. ഈ മാസം തന്നെ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുമോ എന്ന കാര്യമാണ് സജീവ ചര്‍ച്ചയിലുള്ളത്. നേരത്തെ ചിന്തിന്‍ ശിവിറില്‍ ഇക്കാര്യം നേതാക്കളെല്ലാം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ് ആരായിരിക്കും.

പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് പാര്‍ട്ടി തുടക്കമിടുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ ഇനി പ്രസിഡന്റാകില്ല എന്നാണ് സൂചന. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഏറെ കാലമായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഇത്തവയും അവര്‍ തന്നെ വരണമെന്ന് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബിജെപിയുടെ കുടുംബ വാഴ്ച ആരോപണം മുന്നില്‍ നില്‍ക്കുമ്പോള്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്നാണ് അറിയേണ്ടത്.എന്നാല്‍ ഇതുവരെയായിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ രാഹുല്‍ യെസ് മൂളിയിട്ടില്ലെന്നാണ് വിവരം.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പകരക്കാരനായി ആരെ കൊണ്ടുവരുമെന്നതാണ് ചോദ്യം. അക്കാര്യം നേതാക്കള്‍ ഉത്തരമൊന്നും നല്‍കിയിട്ടില്ല. പാര്‍ട്ടിയിലെ വിഭാഗീയത ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് ടീം രാഹുല്‍ വിശ്വസിക്കുന്നത്. രാഹുലിനൊപ്പമുള്ളവര്‍ തന്നെ വിഭാഗീയതയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് തിരിച്ചുവരികയെന്ന് രാഹുല്‍ ചോദിക്കുന്നു. മൂന്ന് വര്‍ഷമായി രാഹുല്‍ അധ്യക്ഷ സ്ഥാനത്തില്ല.പക്ഷേ പിന്നണിയില്‍ ഇരുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് രാഹുലാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാത്രം രാഹുലോ കൂടെയുള്ളവരോ ഉണ്ടാവാറില്ല. എന്നാല്‍ ജയത്തിന്റെ ക്രെഡിറ്റ് എടുക്കുകയും ചെയ്യും. സീനിയര്‍ നേതാക്കള്‍ക്ക് മാത്രമാണ് തോല്‍വിയുടെ ഭാരം ഉണ്ടാവാറുള്ളത്.

സോണിയ ഗാന്ധിയായിരുന്നു ഏറെ കാലം കോണ്‍ഗ്രസ് അധ്യക്ഷ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തത്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവച്ചു. പല അനുനയ ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയില്ല. ഗത്യന്തരമില്ലാതെ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി. പിന്നീട് സ്ഥിരം അധ്യക്ഷയായി അവര്‍ വീണ്ടുമെത്തുകയും ചെയ്തു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ മാത്രമേ അധ്യക്ഷ പദവി അലങ്കരിക്കൂ എന്നാണ് സോണിയ മുന്നോട്ട് വച്ച നിബന്ധനയത്രെ.

അതായത് ഇനി സോണിയ അധ്യക്ഷ പദവിയിലേക്ക് വരില്ലെന്ന് അര്‍ഥം.രാഹുൽ ഗാന്ധിയില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ചിലർ മുന്നോട്ട് വെച്ചിരുന്നെങ്കില്‍ നിലവില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക താല്‍പര്യം പ്രകടിപ്പിച്ചില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റേതാണ് മറ്റൊരു പേര്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ സംസ്ഥാനം വിട്ടുപോകാൻ താൽപര്യമില്ലെന്നാണ് സൂചന. രാഹുലിന്റെ ഇമേജ് ഭാരത് ജോഡോ യാത്രയോടെ മാറുമെന്നാണ് കരുതുന്നത്. രാജ്യത്തെ ഓരോ ജില്ലയും സന്ദര്‍ശിക്കാനാണ് രാഹുലിന്റെ പ്ലാന്‍. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിയും നോ പറഞ്ഞിരിക്കുന്നു. ഇനി എല്ലാവരുടെയും കണ്ണ് പ്രിയങ്ക ഗാന്ധിയിലേക്കാണ്. രാഹുല്‍ ഇതിനും തടസം നില്‍ക്കുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ആരംഭിക്കാനാരിക്കുന്ന ദേശീയ യാത്രയ്ക്ക് രാഹുല്‍ ഗാന്ധിയാണ് ചുക്കാന്‍ പിടിക്കുന്നത്. മാത്രമല്ല, പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും രാഹുല്‍ ഗാന്ധിയാണ്.

ഗാന്ധി കുടുംബത്തിന് മാത്രമേ കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും ഒറ്റക്കെട്ടായി നയിക്കാന്‍ സാധിക്കൂ എന്നുവിശ്വസിക്കുന്നവര്‍ ഒരുവിഭാഗം പാര്‍ട്ടിയിലുണ്ട്.ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു വ്യക്തി വന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന ചോദ്യവും ശക്തമാണ്.

Eng­lish Summary:Congress Pres­i­den­cy; Unde­cid­ed stretches

you may also like this video:

Exit mobile version