കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠ പ്രകടപിപ്പിച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചു. ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാരാണ് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്.
തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുള്‍ ഖാര്‍ക്വീ എന്നിവരും സെപ്റ്റംബര്‍ ആറിന് മിസ്ത്രിക്ക് അയച്ച കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ഏതെങ്കിലും രഹസ്യ രേഖ പുറത്തുവിടണമെന്നല്ല പറയുന്നത്.
തിരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടിക മത്സരിക്കുന്നവര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആവശ്യം. 28 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിലും മറ്റ് ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി വോട്ടര്‍പ്പട്ടിക പരിശോധിക്കാനുള്ള ശേഷി ഒരു സ്ഥാനാര്‍ഥിക്ക് ഉണ്ടാകണമെന്നില്ല. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍പ്പട്ടിക ലഭ്യമാക്കണമെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. വോട്ടര്‍പ്പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നുണ്ട്.
English Summary: Congress president election: 5 MPs, concerned about transparency, sent a letter
You may also like this video: