Site iconSite icon Janayugom Online

ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് കോൺഗ്രസ്

പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഹെെക്കമാൻഡ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും വ്യക്തിപരമായി മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.
പ്രതിനിധികൾക്ക് മത്സരാര്‍ത്ഥികളെ അവരുടെ ഇഷ്ടപ്രകാരം ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. പിസിസി പ്രസിഡന്റുമാര്‍ അതാത് സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന സ്ഥാനാർത്ഥികളോട് മര്യാദയോടെ പെരുമാറണം. എഐസിസി ജനറൽ സെക്രട്ടറിമാർ, ചുമതലയുള്ളവർ, സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, പിസിസി പ്രസിഡന്റുമാർ, സിഎൽപി നേതാക്കൾ, വക്താക്കൾ തുടങ്ങിയവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്താൻ പാടില്ല. ഒരു സ്ഥാനാർത്ഥിക്കെതിരെയും ദുരുദ്ദേശ്യപരമായ പ്രചാരണം ഇല്ലെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പ്രദേശ് റിട്ടേണിങ് ഓഫീസർ (പിആർഒ) അതത് പിസിസികളുടെ പോളിങ് ഓഫീസറായിരിക്കും.
വോട്ട് ചെയ്യുന്ന പ്രതിനിധികളുടെ പിന്തുണ വർധിപ്പിക്കാൻ ഖാർഗെയും തരൂരും സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോള്‍ സംസ്ഥാന- യൂണിറ്റ് പ്രസിഡന്റുമാർ സ്ഥാനാർത്ഥിക്കായി യോഗങ്ങൾ വിളിക്കാൻ പാടില്ല. എന്നാൽ പിസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾക്കായി യോഗ ഹാളും ഉപകരണങ്ങളും എത്തിച്ച് നല്കാം. നടപടിക്രമങ്ങൾ പാലിക്കാത്ത സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും അച്ചടക്ക നടപടിക്ക് അവരെ വിധേയരാക്കുകയും ചെയ്യുമെന്നും മാർഗനിർദ്ദേശങ്ങളിലുണ്ട്.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെന്നാണ് ഖാർഗെ വിലയിരുത്തപ്പെടുന്നത്. എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങൾ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു. കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കുന്നതാണ് തന്റെ രീതിയെന്നും പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും ഖാര്‍ഗെ പറഞ്ഞു.
ബിജെപിയെ നേരിടാൻ കോൺഗ്രസിനെ എങ്ങനെ സജ്ജമാക്കണം എന്നതാണ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നും പരസ്പരമുള്ള മത്സരമല്ലെന്നും ശശി തരൂർ. ‘കോൺഗ്രസിലെ എല്ലാവരും പരസ്പരം എതിർക്കുന്നതിന് പകരം ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെയോട് തനിക്ക് വിയോജിപ്പില്ല. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസവുമില്ല. 17 ന് വോട്ട് ചെയ്യുന്ന സഹപ്രവർത്തകർ അത് ഏറ്റവും ഫലപ്രദമായി ചെയ്യാനാകണം. എത്ര വോട്ടു കിട്ടുമെന്ന് അറിയില്ല. ജയിക്കാനാണ് മത്സരിക്കുന്നത്, തരൂർ പറഞ്ഞു.
ജി23 എന്നൊരു സംഘമില്ല, അത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. രണ്ടു മുതിർന്ന നേതാക്കളാണ് കത്ത് എഴുതുന്നുണ്ടെന്നും പിന്തുണ തരണമെന്നും ആവശ്യപ്പെട്ടത്. നൂറിലധികം പേരുടെ പിന്തുണയുണ്ടെന്നാണ് അവർ അറിയിച്ചത്. എന്നാൽ കോവിഡ് സമയമായിരുന്നതിനാൽ ഡൽഹിയിലുണ്ടായിരുന്ന 23 പേർ മാത്രം ഒപ്പിട്ടുവെന്നേയുള്ളു. താൻ 2014 മുതൽ കോൺഗ്രസിൽ മാറ്റത്തിനു വേണ്ടി വാദിക്കുന്നയാളാണെന്നും തരൂർ പറഞ്ഞു.
അതിനിടെ പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. മഹാരാഷ്ട്രയിൽ രണ്ട് ദിവസം പ്രചാരണം നടത്തിയ ശേഷമാണ് തരൂർ ഇന്നലെ ഹൈദരാബാദിലെത്തിയത്. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് മല്ലികാർജുൻ ഖാർഗെയുടെയും തീരുമാനം. തമിഴ്‌നാട് മുതൽ തുടങ്ങാനാണ് ഖാർഗെ പദ്ധതി ഇട്ടിരിക്കുന്നതെന്നാണ് സൂചന. അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നല്കാനായി ദീപീന്ദർ ഹൂഡ, നാസീർ, ഗൗരവ് വല്ലഭ് എന്നിവർ കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു.

Eng­lish Sum­ma­ry: Con­gress says there is no offi­cial candidate

You may like this video also

Exit mobile version