Site iconSite icon Janayugom Online

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി:പഞ്ചാബില്‍ നാല് കൗണ്‍സിലര്‍മാര്‍ എഎപിയില്‍

അമൃത്സർ മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ സീറ്റിനെച്ചൊല്ലി ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള തർക്കം ശക്തമായ തുടരുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് പാർട്ടിയുടെ കൗണ്‍സിലർമാർ ആം ആദ്മി പാർട്ടിയില്‍ ചേർന്നു. 

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അമൃത്സർ മേയർ കരംജിത് സിംഗ് റിന്റു എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ എ എ പിയിൽ ചേർന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിന്റു കോൺഗ്രസ് വിട്ട് എ എ പിയിൽ ചേർന്നതോടെയാണ് മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഇരുപാർട്ടികള്‍ക്കിടയിലും രൂക്ഷമായത്. 

മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ അടുത്ത അനുയായിരുന്ന റിന്റുവിന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് കോൺഗ്രസ് നിഷേധിച്ചതിനെത്തുടർന്നായിരുന്നു അവരുടെ കളം മാറ്റം.ആറ് കൗൺസിലർമാരിൽ നാലുപേരും ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗറിനോട് നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി പി സി സി) മുൻ മേധാവി നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ഉറച്ച അനുയായികളായിരുന്നു എന്നതാണ് ശ്രദ്ധേയം. മൻദീപ് കൗർ, ദൽബീർ കൗർ, പർമീന്ദർ കൗർ, രവീന്ദർ സൈനി എന്നിവരാണ് സിദ്ധു അനുയായികള്‍. ശിരോമണി അകാലിദളില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ അംഗങ്ങള്‍ കൂറുമാറിയിട്ടുണ്ട്. 

സംസ്ഥാന ഭരണം വന്‍ ഭൂരിപക്ഷത്തില്‍ നഷ്ടമായതിന് പിന്നാലെ പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയിത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ 13 അംഗങ്ങളായിരുന്നു ആം ആദ്മി പാർട്ടിയില്‍ ചേർന്നത്. ജതീന്ദർ സോണിയ, പർമോദ് ബബ്ല, നിതു താംഗ്രി, സുഖ്ബീർ സിംഗ്,രാജേഷ് മദൻ, പർദീപ് ശർമ എന്നിവരുൾപ്പെടെയുള്ള കൗൺസിലർമാർ കൗൺസിലർ മോണിക്ക ശർമയുടെ വസതിയിൽ വെച്ച് ആപ്പ് അംഗത്വം സ്വീകരിക്കുകയായിരുന്നു. അംഗങ്ങളുടെ കൂട്ട കൂറുമാറ്റത്തോടെ മേയർ സ്ഥാനത്ത് നിന്ന് കരംജിത് സിംഗ് റിന്റുവിനെ മാറ്റി സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ബുദ്ധിമുട്ടായതിനാൽ കരംജിത് റിന്റു തന്നെ മേയർ കസേരയിൽ തുടരുമെന്ന് ഉറപ്പിക്കാന്‍ അംഗങ്ങലുടെ കൂറുമാറ്റത്തോടെ ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.

കൂറുമാറ്റത്തിനെതിരെകോണ്‍ഗ്രസ് നിശിതമായ വിമർശനമാണ് ഉയർത്തുന്നത്. കോൺഗ്രസ് വിട്ട് എ എ പിയിൽ ചേർന്നതിനാൽ റിന്റുവിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് 53 കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. 53 അംഗ അമൃത്സർ കോർപ്പറേഷനില്‍ നിലവില്‍ 22 പേരുടെ പിന്തുണ ആപ്പിനുണ്ട്. അഞ്ച് എം എൽ എമാരുടെ ഉള്‍പ്പടെ പിന്തുണയോടെ അംഗബലം 25 കടക്കുമെന്നുംഅതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പ്രശ്നം ഇല്ലെന്നുമാണ് എ എ പി നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാന ഭരണം നഷ്ടമാക്കിയതിന് സമാനമായി അമൃത്സറിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തന്നെയാണ് അവർക്ക് തരിച്ചടിയായിരിക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സ്ഥാനത്തുനിന്നും കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ നീക്കിയതില്‍ കടുത്ത അതൃപ്തിയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുള്ളത്.

Eng­lish Sum­ma­ry: Con­gress strikes again, In Pun­jab, four coun­cilors are in the AAP

You may also like this video:

Exit mobile version